dileep

കൊച്ചി: രാജി വച്ചില്ലെങ്കിൽ പൊതുയോഗം വിളിച്ചുകൂട്ടി നടപടി എടുക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോഴാണ് ദിലീപ് രാജി നൽകിയതെന്ന് മോഹൻലാൽ. എന്നാൽ ഒക്ടോബർ 10ന് ദിലീപ് സ്വമേധയാ രാജി നൽകുകയായിരുന്നുവെന്ന് നടന്റെ സുഹൃത്ത് കേരളകൗമുദിയോട് വ്യക്തമാക്കി.


നടിയെ ആക്രമിച്ച സംഭവത്തിൽ കുറ്റാരോപിതനായ ദിലീപ് സംഘടനയിൽ തുടരുന്നതാണ് അമ്മയ്ക്കുള്ളിലെ കലഹത്തിന് വഴിതെളിച്ചത്.

ദിലീപ് സ്വമേധയാ രാജിക്കത്ത് സമർപ്പിച്ചുവെന്നാണ് അമ്മ സെക്രട്ടറി സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നത്. അത് തെറ്റാണെന്നും ദിലീപിനെ പുറത്താക്കി എന്ന് എഴുതാമെന്നും മോഹൻലാൽ തുറന്നടിച്ചു.

അംഗങ്ങളിൽ സ്വാധീനമുള്ള ദിലീപ് സംഘടന പിളർത്തുമോയെന്ന സംശയം ചിലർക്കെങ്കിലുമുണ്ട്. പലപ്പോഴും ദിലീപിനെ ചൊല്ലി മലക്കംമറിച്ചിലുകളുണ്ടായി. നടനെ കസ്റ്റഡിയിൽ എടുത്തപ്പോൾ അന്നത്തെ അമ്മ എക്സിക്യൂട്ടിവ് യോഗമാണ് ദിലീപിനെ പുറത്താക്കിയത്. ദിവസങ്ങൾക്കുള്ളിൽ ചില ഭാരവാഹികൾ ചേർന്ന് ദിലീപിനെ തിരിച്ചെടുത്തു. പുറത്താക്കൽ നിയമപരമായി നിലനിൽക്കില്ലെന്ന് കണ്ടാണിതെന്നായിരുന്നു വിശദീകരണം.

കഴിഞ്ഞ പൊതുയോഗത്തിൽ ഇതേക്കുറിച്ച് നടി ഊർമ്മിള ഉണ്ണി ചോദിച്ചപ്പോഴാണ് ദിലീപ് സംഘടനയിൽ തുടരുന്നുണ്ടെന്ന് ഇപ്പോഴത്തെ പ്രസിഡന്റ് മോഹൻലാൽ വ്യക്തമാക്കിയത്. അത് പൊതുയോഗം കൈയടിച്ചു പാസാക്കി.

തൊട്ടുപിന്നാലെ ആക്രമണത്തിന് ഇരയായ നടിയും കൂട്ടുകാരും എതിർപ്പുമായെത്തി. നടപടിയിൽ വിയോജിപ്പ് രേഖപ്പെടുത്തി നടിയോടൊപ്പം റീമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ എന്നവരും അമ്മയിൽ നിന്ന് രാജി വച്ചു. പിന്നാലെ രേവതി, പാർവതി, പദ്മപ്രിയ എന്നിവർ ചർച്ച വേണമെന്ന് ആവശ്യമുന്നയിച്ചു.

ആഗസ്റ്റിലെ ചർച്ചയ്ക്ക് ശേഷം നടപടിയൊന്നുമായില്ലെന്ന് പറഞ്ഞാണ് അവർ വാർത്താസമ്മേളനം നടത്തിയതും ഇപ്പോൾ ദിലീപിനെ പുറത്താക്കാൻ അമ്മയ്ക്ക് മേൽ സമ്മർദ്ദമുണ്ടായതും.