കൊച്ചി: ശബരിമലയിലെത്തിയ ചുംബനസമര നേതാവ് രഹ്ന ഫാത്തിമയുടെ കൊച്ചി പനമ്പള്ളി നഗറിലെ വീട് രണ്ടംഗ സംഘം ആക്രമിച്ചു. ജനലിന്റെ ചില്ലുകൾ എറിഞ്ഞുടച്ചു. വരാന്തയിലെ കസേരകളും വ്യായാമ ഉപകരണങ്ങളും തകർത്തു. ബൈക്കിലെത്തിയവരെ തിരിച്ചറിയാനായില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. ബൈക്കോടിച്ചിരുന്നയാൾ ഹെൽമറ്റും പിന്നിലിരുന്നയാൾ തൊപ്പിയും ധരിച്ചിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വീടിന് സുരക്ഷ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ നിരീക്ഷണമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് ശബരിമലയിൽ നിന്ന് മടങ്ങിയ രഹ്ന രാത്രി ഏഴു മണിയോടെ കൊച്ചിയിലെ വീട്ടിലെത്തി. പൊലീസിന്റെ വാഹനത്തിൽ ഭർത്താവിനൊപ്പമാണ് എത്തിയത്. ബി.എസ്.എൻ.എൽ എറണാകുളം ജെട്ടി ഡിവിഷനിലെ ഫോൺ ടെക്‌നിഷ്യയായ രഹ്ന പി ആൻഡ് ടി ക്വാർട്ടേഴ്സിലാണ് താമസം. ഇന്നലെ രാവിലെ ഏഴരയോടെ ഭർത്താവ് മനോജ് ശ്രീധർ ഫേസ്ബുക്കിൽ പോസ്‌റ്റിട്ടതോടെയാണ് ഇവർ ശബരിമല കയറുന്ന വിവരം പുറത്തുവന്നത്. തൊട്ടു പിന്നാലെ വീടാക്രമിക്കപ്പെട്ടു.
ചുംബനസമരത്തിലും തൃശൂരിലെ പുലിക്കളിക്ക് സ്‌ത്രീകളെ ഇറക്കുന്നതിനും രഹ്ന മുൻനിരയിലുണ്ടായിരുന്നു. സ്ത്രീകൾക്കു നേരെ ലൈംഗികാക്രമണങ്ങളുണ്ടാകുന്നതിനെതിരെ മാറു തുറന്നുകാട്ടി പ്രതിഷേധിച്ചിരുന്നു.
ഫേസ്ബുക്കിൽ കറുപ്പ് വസ്‌ത്രമണിഞ്ഞ് വിശ്വാസത്തെ ഹനിക്കുന്ന തരത്തിലുള്ള ചിത്രവും നടിയും മോഡലും കൂടിയായ ഇവർ പോസ്‌റ്റ് ചെയ്തിരുന്നു. രഹ്നയുടെ ഓഫീസിതര പ്രവർത്തനങ്ങളിൽ ഉത്തരവാദിത്വമില്ലെന്ന് ബി.എസ്.എൽ.എൽ അറിയിച്ചു. രഹ്നയുടെ വീട്ടിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് പൊലീസ് രാവിലെ തടഞ്ഞിരുന്നു. രഹ്നയും ഭർത്താവും രണ്ടു കുട്ടികളുമാണ് ഇവിടെ താമസം.