കൊച്ചി : പ്രമുഖ ചിത്രകാരനും കൊച്ചി ബിനാലെ സംഘാടകനുമായ റിയാസ് കോമുവിനെതിരെ മീ ടൂ ആരോപണവുമായി ചിത്രകാരി രംഗത്തെത്തി. ഇതേ തുടർന്ന് റിയാസ് കോമു കൊച്ചി ബിനാലെയുടെ പദവികളിൽ നിന്ന് ഒഴിവായി. മുംബൈയിൽ വച്ചാണ് റിയാസ് കോമുവിനെ പരിചയപ്പെട്ടതെന്നും ഒരു പ്രൊജക്ടിനെക്കുറിച്ച് സംസാരിക്കാനായി തന്നെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പേരു വെളിപ്പെടുത്താത്ത ചിത്രകാരി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
താൻ കൊച്ചിയിലെത്തിയ ശേഷം റിയാസ് കോമു മോശമായി പെരുമാറിയെന്നും ഭക്ഷണം കഴിക്കുമ്പോൾ ദുരുദ്ദേശ്യത്തോടെ ശരീരത്തിൽ സ്‌പർശിച്ചെന്നും പിന്നീട് മുറിയിൽ അതിക്രമിച്ചു കയറി ബലമായി ചുംബിക്കാൻ ശ്രമിച്ചെന്നും ചിത്രകാരി ആരോപിക്കുന്നു.
2012 ലാണ് റിയാസ് കോമുവും ബോസ് കൃഷ്‌ണമാചാരിയും ചേർന്ന് കൊച്ചിയിൽ ബിനാലെ തുടങ്ങിയത്. ഡിസംബറിൽ അടുത്ത ബിനാലെയ്‌ക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് റിയാസ് കോമുവിനെതിരെ മീ ടൂ ആരോപണം ഉയർന്നത്. തുടർന്ന് ഇന്നലെ കൊച്ചിയിൽ ബിനാലെ മാനേജിംഗ് കമ്മിറ്റി യോഗം ചേർന്നു. കോമുവിനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും സ്വഭാവ ദൂഷ്യവും അതിക്രമവും അനുവദിക്കാനാവില്ലെന്ന് കമ്മിറ്റി വിലയിരുത്തി. യോഗം അന്വേഷണ സമിതി രൂപീകരിച്ചു. പ്രശ്നം പരിഹരിക്കുംവരെ ബിനാലെയുടെ മാനേജ്മെന്റ് പദവികളിൽ നിന്ന് റിയാസ് കോമുവിനെ ഒഴിവാക്കിയെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ അധികൃതർ പ്രസ്‌താവനയിൽ അറിയിച്ചു.
മാപ്പു ചോദിക്കുന്നു : റിയാസ് കോമു
സംഭവം ഇത്തരത്തിൽ ചിത്രീകരിച്ചത് ഞെട്ടിച്ചെന്നും നടപടി ആ വ്യക്തിയെ വേദനിപ്പിച്ചെങ്കിൽ മാപ്പു ചോദിക്കുന്നുവെന്നും റിയാസ് കോമു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആരോപണമുന്നയിച്ച ചിത്രകാരിയുമായി തുറന്ന് സംസാരിക്കാൻ തയ്യാറാണ്. ശബ്ദം തടയപ്പെട്ടവരുടെ തുറന്നു പറച്ചിലുകൾക്ക് വേദിയൊരുക്കിയ മീ ടൂ മൂവ്മെന്റിന് തന്റെ പിന്തുണയുണ്ടെന്നും കോമു വ്യക്തമാക്കി.