ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡൈനാമോസിനെ നേരിടും
കൊച്ചി: ഐ.എസ്.എൽ അഞ്ചാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം ഹോം മത്സരത്തിൽ ഡൽഹി ഡൈനാമോസിനെ നേരിടും. ആദ്യ ഹോം മത്സരത്തിൽ മുംബെയ് സിറ്റി എഫ്.സിയോട് 1-1ന് സമനില പാലിച്ച
ബ്ലാസ്‌റ്റേഴ്‌സ് ജയം ലക്ഷ്യമിട്ടാണ് ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലിറങ്ങുന്നത്.
സീസണിലെ ഉദ്ഘാടന മത്സരത്തിൽ എ.ടി.കെയെ അവരുടെ തട്ടകത്തിൽ 2-0ന് തകർത്ത് തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞ കളിയിൽ അവസരത്തിനൊത്തുയരാനായില്ല. എ.ടി.കെയ്‌ക്കെതിരെ 4-1-4-1 ശൈലിയിൽ ഇറങ്ങിയപ്പോൾ മുംബെയ് സിറ്റിക്കെതിരെ 4-2-3-1 എന്നതായിരുന്നു കോച്ച് ഡേവിഡ് ജെയിംസിന്റെ പരീക്ഷണം. നിക്കോളാ ക്രമരാവിച്ചിനൊപ്പം സഹൽ അബ്ദുൾ സമദും ഡിഫൻസീവ് മിഡ്ഫീൽഡർമാരായി. ഈ രീതിയിൽ തന്നെയായിരിക്കും ഇന്നും താരങ്ങളെ വിന്യസിക്കുക.
കഴിഞ്ഞ രണ്ടു കളികളിലും പരിക്കുകാരണം പുറത്തിരുന്ന ഫ്രഞ്ച് താരം സിറിൽ കാലി ശാരീരിക ക്ഷമത വീണ്ടെടുത്തത്തെന്നാണ് സൂചന. നായകൻ സന്ദേശ് ജിങ്കാന്റെ പ്രതിരോധക്കോട്ടയിൽ കാലികൂടി എത്തിയാൽ മുഹമ്മദ് ഹാകിപോ, ലാൽറുവാത്താരയോ പുറത്തിരിക്കും. സി.കെ. വിനീതിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചാൽ ദുംഗൽ സൈഡ് ബെഞ്ചിലേക്ക് മാറാനാണ് സാധ്യത. സ്‌ട്രൈക്കറടെ റോളിൽ സ്ലൊവേനിയൻ താരമായ പോപ്ലാട്‌നിക്കും ഗോൾവലയ്ക്ക് മുന്നിൽ ധീരജ് സിംഗും ഉറപ്പാണ്.
രണ്ട് മത്സരങ്ങളിൽ ഒരു സമനിലയും ഒരു തോൽവിയും വഴങ്ങി ഒരു പോയിന്റുമായി എട്ടാമതാണ് ഡൽഹി ഡൈനാമോസ്. സീസണിലെ ആദ്യ എവേ മത്സരത്തിനാണ് ഡൽഹി ഇന്ന് ഇറങ്ങുന്നത്. ആദ്യ കളിയിൽ പൂനെ സിറ്റിയോട് 1-1ന് സമനില പാലിച്ച അവർ രണ്ടാം കളിയിൽ എ.ടി.കെ.യോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റു. കഴിഞ്ഞ സീസണിൽ ബ്ലാസ്‌റ്റേഴ്‌സ് രണ്ട് തവണയും ഡൽഹിയെ തോൽപ്പിച്ചിരുന്നു.
ഡൽഹി മികച്ച ടീമാണ്. ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും സങ്കലനമാണവർ.മികച്ച താരങ്ങൾ അവർക്കണ്ട്. ഈ സീസണിലെ ഏറ്രവും അപകടകാരികളായ സംഘം.പക്ഷേ ഞങ്ങൾ അവരെ ഭയക്കുന്നില്ല.
ഡേവിഡ് ജയിംസ്, ബ്ലാസ്റ്റേഴ്സ് കോച്ച്
ബ്ലാസ്റ്രേഴ്സ് കരുത്തരുടെ സംഘമാണ്. അവരിൽ ചിലരെ ഞാൻ പരിശീലിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അവർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.അവരുടെ പ്രതിരോധം കടുകട്ടിയാണ്. അവരുടെ പ്രതിരോധ കോട്ട തകർക്കാനാകുമെന്നാണ് വിശ്വാസം.
മൃദുൽ ബാനർജി, ഡൽഹി അസി. കോച്ച്