പറവൂർ : പ്രളയദുരിതാശ്വാസമായി പട്ടികജാതി - വർഗ ജനവിഭാഗങ്ങൾക്ക് അനുവദിച്ച അടിയന്തിര ധനസഹായമായ 5000 രൂപ രണ്ട് മാസം പിന്നിട്ടിട്ടും പൂർണമായി വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ദളിത് കോൺഗ്രസ് കരുമല്ലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലങ്ങാട് പട്ടികജാതി വികസന ഓഫീസ് ഉപരോധിച്ചു.ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ജില്ലാ പട്ടിക ജാതി വികസന ഓഫീസർ ഈമാസം മുപ്പതിനു മുമ്പ് എല്ലാവർക്കും തുക വിതരണം ചെയ്യുമെന്ന ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബാബു, ദളിത് കോൺഗ്രസ് കരുമല്ലൂർ ബ്ലോക്ക് പ്രസിഡന്റ് പി.കെ. ലൈജു, കോൺഗ്രസ് നേതാക്കളായ ടി.എ. നവാസ്, കെ.ആർ. നന്ദകുമാർ,വി.ബി. ജബ്ബാർ,സുനിൽ തിരുവാലൂർ തുടങ്ങിയവർ നേതൃത്വം നൽകി.