കൊച്ചി: ശബരിമലയിൽ ആചാര ലംഘനമുണ്ടായാൽ നട അടയ്ക്കേണ്ടി വരുമെന്ന തന്ത്രിയുടെ നിലപാടിൽ ഒരു തെറ്റുമില്ലെന്ന് പ്രമുഖ താന്ത്രികനും ആലുവ തന്ത്രവിദ്യാപീഠം രക്ഷാധികാരിയും ബി.ഡി.ജെ.എസ് ഉപാദ്ധ്യക്ഷനുമായ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.
പ്രാണപ്രതിഷ്ഠാ വേളയിലെ പ്രാർത്ഥന മാറ്റാൻ താന്ത്രിക വിധി പ്രകാരം തന്ത്രിക്ക് അധികാരമില്ല. പ്രാർത്ഥന തെറ്റിയാൽ നടയടയ്ക്കുകയല്ലാതെ തന്ത്രിക്ക് മുന്നിൽ വേറെ വഴികളില്ല. ശബരിമല ശാസ്താവിന് യോഗീശ്വരഭാവമാണ്. ആശ്രമം പോലെ വേണം സന്നിധാനത്തെ കാണാൻ. 41 ദിവസത്തെ വ്രതത്താൽ സന്യാസതുല്യനായാണ് ഭക്തനും അവിടേക്കെത്തുന്നത്. പ്രതിഷ്ഠാഭാവം മാറ്റുക തന്ത്രിക്ക് കഴിയുന്ന കാര്യമല്ല. യുക്തിയേക്കാളുപരി അത് താന്ത്രിക വിധിയാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് കേരളത്തിലെ സാമൂഹ്യപരിഷ്കരണങ്ങൾക്ക് ചുക്കാൻപിടിച്ച ശ്രീനാരായണ ഗുരുദേവനും മഹാത്മാ അയ്യങ്കാളിയും ചട്ടമ്പിസ്വാമിയുമാെക്കെ ശബരിമലയെ പരാമർശിക്കാതെ പോയതെന്ന് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.