കൊച്ചി: മഴയിൽ കുതിർന്ന കലൂർ ജവഹർലാൽ നെഹ്റു സ്റ്രേഡിയത്തിൽ ഭാഗ്യം ഒളിച്ചു കളിച്ച മുഹൂർത്തങ്ങൾ.സി.കെ.വിനീതിന്റെ ഒറ്റ ഗോളിൽ വിജയരഥത്തിലേക്ക് കടിച്ചു തൂങ്ങാമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മോഹങ്ങൾക്ക് മീതെ 85-ാം മിനിട്ടിൽ ഡൽഹി ഡൈനോമോസ് ഡൈനോമിറ്റ് പൊട്ടിച്ചു. ആ പ്രകമ്പനത്തിൽ നിന്ന് തലയുയർത്താനാവാതെ വീണ്ടും കൊമ്പൻമാർ സമനിലക്കുരുക്കിൽ കുടുങ്ങി.1-1.നേരത്തേ മുംബയ് എഫ്.സിയുമായും ആദ്യ ഹോം മാച്ചിൽ അവസാന നിമിഷം സമനില വഴങ്ങേണ്ടി വന്നിരുന്നു. ഇതോടെ മൂന്നു മത്സരങ്ങളിൽ നിന്നായി അഞ്ചു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തെത്തി.ഡൽഹി രണ്ടു പോയിന്റുമായി എട്ടാം സ്ഥാനത്ത് തുടരുന്നു.
വിനീത് നീ മുത്താണ്
48 ാം മിനിട്ട്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്ളാസ്റ്റേഴ്സിന് അനുകൂലമായ കോർണർ. സ്റ്റൊയനോവിച്ചിന്റെ കിക്ക് തട്ടിയകറ്റാനുള്ള ഡൽഹി താരങ്ങളുടെ ശ്രമം രണ്ടാം കോർണറിൽ കലാശിച്ചു. വീണ്ടും കിക്കെടുക്കാൻ സ്റ്റൊയനോവിച്ച്. ഉയർത്തിയടിച്ച പന്ത് താഴ്ന്നിറങ്ങിയത് പൊപ്ലാട്നിക്കിന്റെ കാലുകളിൽ. പന്തു തട്ടിയകറ്റാനുള്ള കൂട്ടപ്പൊരിച്ചിലിനിടയിൽ പന്തിന്റെ ഗതിക്കനുസരിച്ച് വട്ടം കറങ്ങിയ സി.കെ.വിനീതിന്റെ കാലുകളിൽ നിന്ന് ഒരു സൂപ്പർ ഫിനിഷിംഗ് ഡൽഹിയുടെ വല കുലുക്കി. കൊച്ചിയിലെ മഞ്ഞപ്പട പൊട്ടിത്തെറിച്ച നിമിഷം. എങ്ങും ഗോളാരവം മാത്രം
കാലുദെറോവിച്ചേ...
രണ്ടാം പകുതിയിൽ ഗോളടിച്ചതോടെ ബ്ലാസ്റ്റേഴ്സ് താളം കണ്ടെത്തി. അടിക്കടി മിന്നലാക്രമണങ്ങൾ. എന്നാൽ അറുപതാം മിനിട്ട് പിന്നിട്ടതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര ആടിയുലഞ്ഞു.വലതുവിംഗിൽ നിന്ന് ഡൽഹിയുടെ പ്രീതം കോട്ടാൽ ഉയർത്തിയ വിട്ട പന്ത് തടയാൻ ബ്ളാസ്റ്റേഴ്സ് താരങ്ങൾക്കായില്ല. പോസ്റ്റിൽ നിന്നിരുന്ന ആൻഡ്രിയ കാലുദറോവിച്ചിന്റെ തലയിലേക്ക്.പിഴവറ്റ ഹെഡർ വലകുലുക്കി. ഗാലറി നിശബ്ദമായി. പിന്നീട് സമനിലയിടെ മണികിലുക്കും.
ഇതിനിടിയിൽ 91 ാം മിനിട്ടിൽ ബോക്സിൽ സി.കെ.വിനീതിനെ വീഴ്ത്തിയെങ്കിലും റഫറി പെനാൽറ്റി വിധിച്ചില്ല. ഇതോടെ വീണ്ടും സമനില കുരുക്കിലേക്ക് ബ്ളാസ്റ്റേഴ്സ് നിലംപതിച്ചു.ഐ.എസ്.എൽ സീസണിൽ കേരളത്തിനായി വിനീതിന്റെ പത്താം ഗോളാണ് ഇന്നലെ പിറന്നത്. ഈ സീസണിലെ ആദ്യത്തേതും. ഈ നേട്ടം ആദ്യം കൈവരിച്ച ഇയാം ഹ്യൂം ഇന്നലെ കളി കാണാൻ സ്റ്റേഡിയത്തിലുണ്ടായിരുന്നു.ബ്ളാസ്റ്റേഴ്സിന്റെ ബ്രാൻഡ് അംബാസഡർ മോഹൻലാൽ സൈനിക വേഷത്തിലാണ് ഗാലറിയിലെത്തിയത്.
ഡൈനോമോസിന്റെ ഡൈനോമിറ്റുകൾ
വിരുന്നുകാരായ ഡൽഹി ഡൈനോമോസിന്റെ ഡൈനോമിറ്റുകൾ ആദ്യ പകുതിയിൽ ബ്ളാസ്റ്റേഴ്സിന്റെ വല കുലുക്കാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം. ആക്രമണത്തിലൂന്നി കളിച്ച ഡൈനോമോസ് നിരവധി അവസരങ്ങൾ തുറന്നെങ്കിലും ഫിനിഷിംഗിൽ പരാജയമായി. കഴിഞ്ഞ രണ്ടു കളിയിലും പുറത്തെടുത്ത കേളി ശൈലി കൈവിട്ട ബ്ലാസ്റ്റേഴ്സിന് മികച്ച അവസരങ്ങളൊന്നും വിരിയിച്ചെടുക്കാനായില്ല. ആദ്യ പകുതിയുടെ 42 ാം മിനിട്ടിൽ മാത്രമാണ് ബ്ളാസ്റ്റേഴ്സിന്റെ ആദ്യ കോർണർ പോലും പിറന്നത്. നാലാം മിനിട്ടിൽ ഡൽഹി ആദ്യ കോർണർ നേടി.
ഹോ...സ്റ്റൊയനോവിച്ച്
കളം നിറഞ്ഞു കളിച്ച സ്റ്റൊയനോവിച്ചിന് ആദ്യ പകുതിയിൽ ഗോൾ നേടാനാവാതെ പോയത് നിർഭാഗ്യം കൊണ്ടു മാത്രം. തുടക്കത്തിൽ തന്നെ സ്റ്റൊയനോവിച്ചിന്റെ ഷോട്ട് ഡൽഹി ഗോളിയുടെ കൈയ്യിൽ നിന്ന് വഴുതിയയെങ്കിലും മുതലാക്കാൻ പാകത്തിൽ ബ്ളാസ്റ്റേഴ്സ് താരങ്ങൾ പോസ്റ്റിലുണ്ടായില്ല. 35 ാം മിനിട്ടിൽ മനോഹരമായ മുന്നേറ്റത്തിലൂടെ സ്റ്റൊയനോവിച്ച് അവസരം തുറന്നെടുത്തെങ്കിലും ഗോളി മാത്രം മുന്നിൽ നിൽക്കേ വലയുടെ പുറത്തേക്കടിച്ചു.
40 ാം മിനിട്ടിൽ ഡൽഹിക്കും തുറന്ന അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ആദ്യ പകുതിയിൽ 50 ശതമാനം ബാൾ പൊസഷനും ഡൽഹിക്കായിരുന്നു. കഴിഞ്ഞ കളിയിൽ നിന്ന് വ്യത്യസ്തമായി പൊപ്ലാട്നികിനെ പുറത്തിറക്കി ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവനിൽ സി.കെ. വിനീത് കളത്തിലിറങ്ങി. ഗോളി ധീരജ്സിംഗിന് പകരക്കാരനായി നവീൻകുമാർ ആദ്യമായി ബ്ളാസ്റ്റേഴ്സിന്റെ ഗോൾ വലയം കാത്തു.