കൊടും വളവുകൾ ഇല്ലാതാക്കും
മൂവാറ്റുപുഴ: കക്കടാശേരി- കാളിയാർ റോഡ് നവീകരണത്തിന് വഴിയൊരുങ്ങുന്നു. എറണാകുളം- ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നാക്കി ഇതിനെ മാറ്റുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്. കക്കടാശേരി മുതൽ ഞാറക്കാട് വരെയുള്ള എറണാകുളം ജില്ലയിൽ ഉൾപ്പെടുന്ന ഭാഗത്തെ കൊടുംവളവുകൾ നേരെയാക്കി ഗതാഗതം സുഗമമാക്കുന്നതിനാണ് ആദ്യ നീക്കം. കക്കടാശേരി- ചേലച്ചുവട് പാതയിലൂടെ ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ഇടുക്കിയിലേക്കും തമിഴ്‌നാട്ടിലേക്കും ദിവസവും കടന്നുപോകുന്ന സാഹചര്യത്തിലാണ് റോഡ് വികസനം അനിവാര്യമാകുന്നത്.
റോഡ് ചുരുക്കിയത് കൈയേറ്റം
റോഡ് പുറമ്പോക്ക് കൈയേറി കെട്ടിടങ്ങളും മതിലും മറ്റും വ്യാപകമായി നിർമ്മിച്ചതോടെ റോഡിന്റെ വീതി നിരവധി ഭാഗങ്ങളിൽ ചുരുങ്ങിയിട്ടുണ്ട്. കക്കടാശേരി, പടിഞ്ഞാറെ പുന്നമറ്റം, കടുംപിടി ക്ഷേത്രക്കവല, ഷാപ്പുംപടി, അഞ്ചൽപ്പെട്ടി കവല, കക്കാട്ടൂർ, ഏനാനല്ലൂർ വില്ലേജ് ഓഫീസ് ജംഗ്ഷൻ, ചിറപ്പടി, പമ്പുകവല, സിദ്ധൻപടി, പുളിന്താനം പാലം, ഇല്ലിച്ചുവട് വളവ്, പോത്താനിക്കാട് മഠം കവല, വി.ഇ.ഒ ഓഫീസ് പടി, ഇരുട്ടുതോട് വളവ്, മടത്തോത്തുപാറ, ചാത്തമറ്റം കവല, മഞ്ചിപ്പീടിക, പിട്ടാപ്പിള്ളി കവല, കടവൂർ ഷാപ്പുംപടി, പനങ്കര, കൊല്ലൻപടി, ഞാറക്കാട് ജില്ലാ അതിർത്തി എന്നിവിടങ്ങളിലെ കൊടുംവളവുകളാണ് നിവർത്തേണ്ടത്. രൂക്ഷമായ ഗതാഗത തടസമുണ്ടാക്കുന്ന അഞ്ചൽപ്പെട്ടി കവല, കാലാമ്പൂർ, ചിറപ്പടി എന്നിവടങ്ങളിൽ വീതിയെടുത്ത് ഡ്രയിനേജ് സൗകര്യത്തോടെ നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്.
സംരക്ഷണഭിത്തി നിർമ്മിച്ചുകൊടുക്കും
വീതി കൂട്ടേണ്ടയിടങ്ങളിൽ ഭൂമി സൗജന്യമായി ഏറ്റെടുത്ത് സർക്കാർ ചെലവിൽ സംരക്ഷണഭിത്തി നിർമ്മിച്ചു കൊടുക്കുന്ന രീതിയാണ് അവലംബിക്കുവാൻ ഉദ്ദേശിക്കുന്നത്. നിലവിലെ റോഡിന്റെ ഭൂമി പൂർണമായി വീതിയെടുത്ത് ഉപയോഗപ്പെടുത്തും. വളവുകൾ നേരെയാക്കുന്നതിന് അതത് സ്ഥലമുടമകളുമായി ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ വിസ്തീർണവും സംരക്ഷണഭിത്തി നിർമ്മാണവും സംബന്ധിച്ച് ധാരണയുണ്ടാക്കി വികസനം ഉറപ്പാക്കുകയാണ് ലക്ഷൃം. നിലവിൽ ഏനാനല്ലൂർ വില്ലേജ് ഓഫീസ് പടി, കടവൂർ എന്നിവിടങ്ങളിൽ കോൺക്രീറ്റ് കട്ട വിരിക്കൽ പൂർത്തീകരിച്ചു. മഞ്ചിപ്പീടിക മുതൽ ഞാറക്കാട് അതിർത്തി വരെ റോഡ് പൂർണമായി തകർന്ന അഞ്ചോ ആറോ സ്ഥലങ്ങളിൽ 16 ലക്ഷം രൂപ ചെലവിട്ട് കോൺക്രീറ്റ് കട്ടകൾ വിരിക്കൽ രണ്ടാഴ്ചക്കകം പൂർത്തീകരിച്ചേക്കും. തുടർന്ന് ചാത്തമറ്റം കവല മുതൽ ഞാറക്കാട് വരെ റീ ടാറിംഗിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്.
റോഡ് തകർന്ന് ഗതാഗത പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യമാണുള്ളത്. അപകടരഹിതമായ ഗതാഗതം സാദ്ധ്യമാക്കുന്നതിനും റോഡിന്റെ പ്രാധാന്യം കണക്കിലെടുത്തും നിരവധി പേർ വളവ് നിവർത്താൻ സൗജന്യമായി സ്ഥലം നൽകാൻ മുന്നോട്ടുവരുന്നുണ്ട്. ഇടുക്കിയിലേക്കും, തമിഴ്‌നാട്ടിലേയ്ക്കുമുള്ള പ്രധാനപ്പെട്ട ഈ റോഡ് വികസനം ആവശ്യപ്പെട്ട് കക്കടാശേരി - ചേലച്ചുവട് സംസ്ഥാനപാത ആക്ഷൻ കൗൺസിൽ വർഷങ്ങളായി സമരരംഗത്തുണ്ട്.