മൂവാറ്റുപുഴ: ആയവന പഞ്ചായത്തിലെ മണപ്പുഴ മാസ് ലൈബ്രറിക്ക് കെട്ടിടം നിർമ്മിക്കാൻ എൽദോ എബ്രഹാം എം.എൽ.എ യുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് 8.5 ലക്ഷം രൂപ അനുവദിച്ചു. നിലവിലുള്ള ലൈബ്രറി കെട്ടിടത്തിന്റെ മേൽക്കൂര മാറ്റി കോൺക്രീറ്റ് ചെയ്യാനും ഒന്നാംനില ഷീറ്റ് മേഞ്ഞ് വായനഹാൾ നിർമ്മിക്കുന്നതിനുമാണ് തുക അനുവദിച്ചിട്ടുള്ളത്. നാട്ടുകാരുടെ സഹകരണത്തോടെ വാങ്ങിയ അഞ്ചുസെന്റ് സ്ഥലവും ചെറിയൊരു കെട്ടിടവും 10,000ത്തോളം പുസ്തകങ്ങളും ലൈബ്രറിക്കുണ്ട്. രണ്ടുവർഷം മുമ്പാണ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരം ലഭിച്ചത്.