ആലുവ: വ്യാജ ഫ്രഞ്ച് വിസ നൽകി വനിതാ ഡോക്‌ടറിൽ നിന്ന് 11.62 ലക്ഷം രൂപ തട്ടിയ രാജ്യാന്തര തട്ടിപ്പ് സംഘം പിടിയിൽ. ഘാന അക്ര സ്വദേശി ഇലോൽ ഡെറിക് (32), കർണാടക ബംഗളൂരു ചിറ്റൂർ പൂജാരിവാരിപ്പിള്ളി സ്വദേശി ജ്ഞാനശേഖർ (23), ആന്ധ്ര മാടാനപ്പിള്ളി സ്വദേശികളായ പ്രകാശ്‌രാജ് (20), ഹരീഷ് (24) എന്നിവരെയാണ് പിറവം പൊലീസ് പിടികൂടിയത്. നൗക്രി ഡോട്ട് കോം എന്ന തൊഴിൽ വെബ്സെറ്റിൽ പരസ്യം നൽകിയായിരുന്നു തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു.
ഫ്രാൻസിലെ പ്രമുഖ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ഡോക്‌ടറാക്കാമെന്നായിരുന്നു പരസ്യത്തിലെ വാഗ്‌ദാനം. ഇത് കണ്ടാണ് മുംബയിൽ ജോലി ചെയ്യുന്ന വനിതാ ഡോക്‌ടറുടെ പിതാവ് പിറവം മണീട് അതുക്കുഴി വീട്ടിൽ വി. മോണി തട്ടിപ്പു സംഘത്തെ സമീപിച്ചത്. ഇവരുടെ നിർദ്ദേശമനുസരിച്ച് സെപ്‌തംബർ 19 മുതൽ കഴിഞ്ഞ പത്താം തീയതി വരെയുള്ള ദിവസങ്ങളിൽ ഫെഡറൽ ബാങ്കിന്റെ പിറവം ശാഖയിൽ നിന്ന് നാലാം പ്രതി ഹരീഷിന്റെ അലഹബാദ് ബാങ്ക്, എസ്.ബി.ഐ ബ്രാഞ്ച് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്. 11,62,000 രൂപയാണ് മോണിക്ക് നഷ്‌ടപ്പെട്ടത്.
ഇതിനിടെ ഫ്രഞ്ച് സംസാരിക്കുന്ന സ്ത്രീകളെക്കൊണ്ട് ആശുപത്രിയിൽ നിന്നെന്ന വ്യാജേന ഡോക്ടറെ വിശ്വസിപ്പിക്കാൻ പലവട്ടം ഫോണിൽ വിളിപ്പിച്ചു. തുടർന്ന് വ്യാജ ഫ്രഞ്ച് വിസയും എംബസിയിലേക്കുള്ള ഗേറ്റ് പാസും ഡോക്ടർക്ക് നൽകി. ഗേറ്റ് പാസുമായി എംബസിയിലെത്തിയപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം ഇവരറിഞ്ഞത്.
വി. മോണിയുടെ പരാതിയിലാണ് പൊലീസ് മൊബൈൽ ഫോൺ ട്രാക്ക് ചെയ്‌ത് പ്രതികളുടെ ബംഗളൂരുവിലെ ഒളിസങ്കേതം കണ്ടെത്തി പിടികൂടിയത്. ഇവരിൽ നിന്ന് മൂന്ന് ലാപ്പ്‌ടോപ്പ്, ഒമ്പത് മൊബെെൽ ഫോൺ, 26 എ.ടി.എം കാർഡ്, 10 ചെക്കു ബുക്ക് എന്നിവ കണ്ടെടുത്തു. ഒന്നാം പ്രതി ഇലോൽ ഡെറിക് ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞമാസം ഒന്നിന് വിസയുടെ കാലാവധി കഴിഞ്ഞിരുന്നു. വിസ പുതുക്കാത്തതിന് മറ്റൊരു കേസും ഇയാൾക്കെതിരെ എടുത്തിട്ടുണ്ട്.
തുടരന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ്
രാജ്യാന്തര തൊഴിൽ തട്ടിപ്പായതിനാൽ മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ. ബിജുമോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയതായി എസ്.പി രാഹുൽ ആർ. നായർ അറിയിച്ചു. പിറവം സി.ഐ പി.കെ. ശിവൻകുട്ടി, എസ്.ഐ റെജിരാജ്, അഡിഷണൽ എസ്.ഐമാരായ കെ.എൻ. ഷിബു, ശശിധരൻ എന്നിവരും സംഘത്തിലുണ്ട്.