മൂവാറ്റുപുഴ: മഹാപ്രളയനാളിൽ രക്ഷകരായി ഓടിയെത്തിയ ചെല്ലാനം നിവാസികളെത്തേടി മൂവാറ്റുപുഴയിലെ സ്‌നേഹക്കൂട്ടുകാർ എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ ചെല്ലാനത്തെത്തി. സാമൂഹ്യ പ്രവർത്തകരായ അസീസ് കുന്നപ്പിള്ളി ,ഷാനവാസ് പായിപ്ര , ഫൈസൽ മംഗലശേരി, പ്രേംജിത്ത്, പി.ബി. അനൂപ്, സമീർ മുഹമ്മദ് , ഷാരോൺ, തൻസീൽ തുടങ്ങിയ ഇരുപതോളം പേരടങ്ങുന്ന സംഘം ഒപ്പമുണ്ടായിരുന്നത്. സ്‌നേഹസംഘത്തിന്റെ വരവറിഞ്ഞ് കാത്തുനിന്ന മത്സ്യത്തൊഴിലാളികൾ ചെല്ലാനം കപ്പൽപള്ളിക്കു സമീപം ഊഷ്മള വരവേൽപ്പ് നൽകി.
പ്രളയകാലത്ത് മുവാറ്റുപുഴ റവന്യൂ ഡിവിഷന്റെ പരിധിയിലെ മുഴുവൻ രക്ഷാ പ്രവർത്തനങ്ങളും നേരിട്ട് ഏറ്റെടുത്ത പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിളാണ് എം.എൽ.എയുടെ നേതൃത്വത്തിൽ സ്‌നേഹാന്വേഷണം അറിയിക്കുവാനുള്ള സ്‌നേഹയാത്ര സംഘടിപ്പിച്ചത്. പൗരാണികമായ കപ്പൽപള്ളിയും മറ്റു ചരിത്ര സ്മാരകങ്ങളും മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങളും സംഘം സന്ദർശിച്ചു.
മുവാറ്റുപുഴയാറിനോട് ചേർന്ന പ്രദേശങ്ങളിൽ ചുഴി മൂലം രക്ഷാപ്രവർത്തനം തീർത്തും അസാദ്ധ്യമായിരിക്കെ ജീവൻ പണയപ്പെടുത്തിയാണ് ചെല്ലാനത്തുനിന്നുള്ള മത്സ്യത്തൊഴിലാളി സംഘം അർദ്ധരാത്രി രക്ഷാ പ്രവർത്തനത്തിനിറങ്ങിയത് . ഒരു ഗർഭിണിയേയും ദിവസങ്ങളായി ഡയാലിസിസ് മുടങ്ങിപ്പോയ രോഗിയെയും ഹൃദയാഘാതം വന്ന പെരുമ്പാവൂർ സ്വദേശിയേയും അതിസാഹസികമായി പുഴയുടെ വട്ടം ബോട്ട് ഓടിച്ചാണ് ആശുപത്രിയിൽ എത്തിച്ചത് .
പ്രളയകാലത്തു കടൽതീരം ഏറെക്കുറെ ശാന്തമായിരുന്നതിനാൽ ചെല്ലാനം വാസികളാണ് ജില്ലയിലെ മിക്കയിടങ്ങളിലും രക്ഷാപ്രവർത്തനത്തിനെത്തിയത് . എന്നാൽ പിന്നീടാരും തങ്ങളെ തിരിഞ്ഞുനോക്കുകയോ വിളിക്കുകയോ ചെയ്തില്ലെന്ന പരാതിയും അവർക്കുണ്ട് . തുറയിൽ നേരിട്ട് വന്നു ക്ഷണിച്ചതും സ്റ്റേജിലിരുത്തി ആദരിച്ചതും മൂവാറ്റുപുഴക്കാരാണ്. ഇപ്പോൾ എം എൽ എ നേരിട്ടെത്തി നന്ദി അറിയിച്ചത് സന്തോഷം തരുന്ന അനുഭവമാണെന്ന് സ്രാങ്ക് ടിറ്റോ പറഞ്ഞു. മൂന്നു ബോട്ടുകളിലായി അഴിമുഖവുമുൾപ്പെടെ ദീർഘദൂരം ഉൾക്കടലും മത്സ്യബന്ധന രീതികളും വിവരിച്ചുനൽകുന്നതിനും സ്രാങ്ക് തയ്യാറായതോടൊപ്പം ഗ്രീൻ പീപ്പിൾ രൂപീകരിക്കുന്ന റെസ്‌ക്യൂ ഓപ്പറേഷൻ സ്‌ക്വാഡിന് പരിശീലനം നൽകാമെന്ന ഉറപ്പും നൽകി.