amma-cinema

കൊച്ചി: ദിലീപിനെ പുറത്താക്കിയതോടെ വിവാദങ്ങൾ അവസാനിക്കുമെന്ന കണക്കുകൂട്ടൽ തെറ്റിച്ച് അമ്മയിൽ പുതിയ വിവാദങ്ങൾക്ക് അരങ്ങൊരുങ്ങുന്നു. വിമെൻ ഇൻ സിനിമാ കളക്ടീവിന് ബദലായി അമ്മയിൽ തുടക്കമിട്ട വനിതാസെൽ ആണ് പുതിയ തർക്കവിഷയം. വനിതാഅംഗങ്ങളായ 12 പേർ എക്സിക്യൂട്ടിവ് കമ്മിറ്റി നടന്ന ഒക്ടോബർ 19ന് ഉച്ചയ്ക്കുശേഷം ഒത്തുചേർന്നത് അമ്മയിലെ മറ്റ് അംഗങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. യോഗത്തിൽ പങ്കെടുത്ത ചില വനിതകൾ നാല് മുതിർന്ന താരങ്ങൾക്കെതിരെ പേര് പരാമർശിച്ച് 'മീ ടൂ" വെളിപ്പെടുത്തലുകൾ നടത്തിയത് അമ്മയ്ക്ക് അടുത്ത തലവേദനയാകുമെന്ന് അമ്മ ഭരണസമിതി അംഗം കേരളകൗമുദിയോട് പറഞ്ഞു. അടുത്ത എക്സിക്യൂട്ടിവ് യോഗത്തിൽ ഇതുൾപ്പെടെ ചർച്ചചെയ്യേണ്ടി വരും.

വനിതാസെല്ലിന്റെ യോഗത്തിലാണ് തങ്ങൾ പങ്കെടുത്തതെന്ന് പങ്കെടുത്തവർ അറിഞ്ഞിരുന്നില്ല. അങ്ങനെ യോഗം നടക്കുന്ന കാര്യം എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ വനിതകൾ ഉൾപ്പെടെയുള്ള ഭൂരിഭാഗം അമ്മ അംഗങ്ങൾക്കും അറിയില്ലായിരുന്നു. അതേസമയം അമ്മയിൽ ഇങ്ങനെ ഒരു സെല്ലിന് രൂപം കൊടുത്തിട്ടുണ്ടെങ്കിൽ അതിനെ അനുകൂലിക്കുന്നുവെന്നാണ് ഡബ്ളിയു.സി.സിയുടെ നിലപാട്.

വനിതാഅംഗങ്ങൾ പങ്കെടുത്ത യോഗത്തിലെ വിവരങ്ങൾ റെക്കാഡ് ചെയ്ത ഓഡിയോ പുറത്തായതോടെയാണ് വനിതാസെല്ലിന്റെ യോഗം വിവാദമായത്. ദിലീപിന്റെ വിഷയം ചർച്ച ചെയ്യണമെന്ന ഒരംഗത്തിന്റെ ആവശ്യം മറ്റൊരു അംഗം നിരസിച്ചു. ഡബ്ളിയു.സി.സിയെ എതിർക്കേണ്ടെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. എന്നാൽ ഇങ്ങനെയൊന്നും സംഭവിച്ചില്ലെന്നും കൊച്ചിയിൽ ഉണ്ടായിരുന്ന ചില നടിമാർ വനിതകളുടെ വിഷയം ചർച്ച ചെയ്യാൻ ഒത്തുകൂടുകയായിരുന്നുവെന്നും നടി ഷംന കാസിം കേരളകൗമുദിയോട് പറഞ്ഞു. അങ്ങനെയെങ്കിൽ അന്ന് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ പങ്കെടുത്ത രചന നാരായണൻകുട്ടി എന്തുകൊണ്ട് യോഗത്തിൽ ഉണ്ടായിരുന്നില്ലെന്ന സംശയം മറ്റ് അംഗങ്ങൾ ഉന്നയിക്കുന്നു. അമ്മയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലും ഇപ്പോഴത്തെ പ്രധാന ചർച്ച ഇതാണ്. എല്ലാ അംഗങ്ങളെയും വിളിച്ചു കൂട്ടിയിരുന്നെങ്കിൽ പൊതുജന മധ്യത്തിൽ 'അമ്മ'യ്ക്ക് തലഉയർത്തി നിൽക്കാമായിരുന്നുവെന്ന് അവർ പറയുന്നു.

ഒക്ടോബർ 6ന് ചേർന്ന എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് കെ.പി.എ.സി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരൻ എന്നിവരുള്ള വനിതാസെല്ലിന് രൂപം കൊടുത്തത്. ജനറൽ സെക്രട്ടറി ഇടവേള ബാബു നിർദ്ദേശിച്ച പേരുകൾ മറ്റു കമ്മിറ്റി അംഗങ്ങൾ അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സിദ്ദിഖിനൊപ്പം കെ.പി.എ.സി ലളിത നടത്തിയ വാർത്താസമ്മേളനത്തിലെ ചില പരാമർശങ്ങൾ കാരണം വനിതാസെല്ലിലെ അവരുടെ നേതൃത്വം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മഞ്ജു പിള്ള, ഷംന കാസിം, സീനത്ത്, തെസ്നിഖാൻ, ലക്ഷ്മി പ്രിയ, ബീന ആന്റണി, ഉഷ, ലിസി ജോസ്, പ്രിയങ്ക എന്നിവരാണ് 19ന് നടന്ന യോഗത്തിൽ പങ്കെടുത്ത നടിമാർ.