ആലുവ: ശബരിമല വിഷയത്തിൽ വിശ്വാസത്തിന്റെ പേരിൽ ഒരുവിഭാഗം നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. ആലുവയിൽ കെ.പി.എം.എസ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകൾ പ്രവേശിച്ചാൽ നട അടച്ചിടുമെന്ന തന്ത്രിയുടെ പരാമർശം കോടതി അലക്ഷ്യമാണ്.മാറ്റങ്ങളെ അക്രമത്തിലൂടെ തടഞ്ഞുനിറുത്താനാകില്ല.കേരളത്തിന്റെ നവോത്ഥാന ചരിത്രം പരിശോധിച്ചാൽ അത് ബോദ്ധ്യമാകുമെന്നും സുപ്രീം കോടതിയുടേത് ചരിത്രപരമായ വിധിയാണെന്നും പുന്നല പറഞ്ഞു. യോഗത്തിൽ കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് വി. ശ്രീധരൻ, വൈസ് പ്രസിഡന്റ് പി.വി. ബാബു, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ രമേശ് മണി, കെ. വിദ്യാധരൻ, എം.കെ. വേണുഗോപാൽ, എൻ.കെ. രമേശൻ, ടി.വി. ശശി, എം. രവി, കെ.സി. ശിവൻ, കെ.എം സുരേഷ്, വി.കെ. കുട്ടപ്പൻ, ജില്ലാ പ്രസിഡന്റ് ടി.കെ. രാജഗോപാൽ എന്നിവർ സംസാരിച്ചു.