1
കൂത്താട്ടുകുളം റിംഗ് റോഡിന്റെ ഗവ.യു.പി സ്കൂൾ ഭാഗത്തെ എം.വി.ഐ.പി.ഗോഡൗൺ ഭാഗം

കൂത്താട്ടുകുളം: എം.സി റോഡ് വഴിയുള്ള യാത്രക്കാർക്ക് ശുഭവാർത്ത. കൂത്താട്ടുകുളം ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി പോകാനുള്ള റിംഗ് റോഡ് പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. കോട്ടയം ഭാഗത്തുനിന്നു വരുമ്പോൾ ടൗണിന് അര കിലോമീറ്റർ മുമ്പ് ഗവ.യു.പി സ്‌കൂൾ ഭാഗത്തു നിന്നാണ് റിംഗ് റോഡ് ആരംഭിക്കാൻ ലക്ഷ്യമിടുന്നത്.
 ആദ്യപ്രതിസന്ധി മറികടന്നു

ഓണംകുന്ന്കാവ് കവല ശ്രീധരീയം റോഡ് മറികടന്ന് ജയന്തി റോഡുവഴി നടക്കാവ് കൂത്താട്ടുകുളം റോഡ് മുറിച്ചുകടന്ന് കുങ്കുമശേരി ഭാഗത്തുകൂടി അമ്പലംകുന്നിൽ എം.സി റോഡുമായി ചേരുന്നതാണ് പദ്ധതി. റോഡിന്റെ തുടക്കഭാഗത്തുള്ള ഗവ.യു.പി സ്‌കൂളിലെ ഗ്രൗണ്ടായി ഇപ്പോൾ ഉപയോഗിക്കുന്ന എം.വി.ഐ.പി ഗോഡൗൺ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ചൊല്ലിയുള്ള പ്രതിസന്ധിയാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. ഗോഡൗൺ പൊളിച്ച് സ്ഥലം വിട്ടുകൊടുക്കാനായി ജലവിഭവ വകുപ്പിന്റെ അനുമതി കിട്ടിയതായി അനൂപ് ജേക്കബ് എം എൽ എ പറഞ്ഞു. എന്നാൽ അമ്പതുമീറ്ററോളം ഭാഗത്തെ തടസം മാത്രമേ ഫലത്തിൽ മാറുന്നുള്ളു. ഗോഡൗൺ പൂർണമായും പൊളിച്ചുമാറ്റിയാലേ വളവ് നിവർത്തി അപകട ഭീഷണി ഒഴിവാക്കാനാകൂ. ബാക്കി വരുന്ന
ജലവിഭവ വകുപ്പ് സ്ഥലത്തിന് സംരക്ഷണഭിത്തി നിർമ്മിക്കാൻ മാത്രം 22 ലക്ഷം രൂപ വേണ്ടിവരും.
എം എൽ .എ ആസ്തി വികസന ഫണ്ടിൽ നിന്നും പദ്ധതിക്കായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.
സംരക്ഷണഭിത്തി കൂടി എസ്റ്റിമേറ്റിൽ ഉൾക്കൊള്ളിച്ചാലേ
ജയന്തി റോഡ് ഭാഗത്തെ കവല വരെയെങ്കിലും റോഡിനു വീതി കൂടുകയുള്ളു.

ജയന്തിറോഡു വരെയുള്ള പത്തിലേറെ സ്ഥലം ഉടമകൾ സമ്മതിച്ചാലേ കെ.എസ്.ആർ.ടി.സി.സ്റ്റാന്റു വരെയുള്ള ഭാഗത്തെയെങ്കിലും സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാകുകയുള്ളു. നിലവിൽ 6 മീറ്റർ വീതി ഉള്ളതായാണ് നഗരസഭാ രേഖ. ഇത് 8 മീറ്ററായി ഉയർത്തേണ്ടതുണ്ട്.
ഇതിനുള്ള പ്രാഥമിക ചർച്ചകൾ ഒന്നരവർഷം മുമ്പ് നടന്നതാണ്. അന്നത്തെ ചർച്ചയിൽ സ്ഥലം വിട്ടുനൽകാൻ ഉടമകൾ സമ്മതം നൽകിയിരുന്നു.


 റിംങ്ങ് റോഡ് പദ്ധതി ഉടനെ ആരംഭിക്കും

റിംഗ് റോഡ് പദ്ധതി ഉടൻ ആരംഭിക്കും. മുമ്പ് നടന്ന ചർച്ചയിൽ സർക്കാർ സ്ഥലംകിട്ടിയ ശേഷം മറ്റ് ഭാഗത്തെ സ്ഥലം വിട്ടുനൽകുന്നതിൽ അനുകൂല തീരുമാനം എടുക്കാമെന്ന് ഉടമകൾ സമ്മതിച്ചിരുന്നു. സർക്കാർ ഭൂമിയിൽ സംരക്ഷണഭിത്തി ഉൾപ്പെടെ പണിയുന്നതിന് നഗരസഭാ പദ്ധതികൾ കൂടി ഉൾപ്പെടുത്തി റോഡിന്റെ ആദ്യഘട്ട പണി ഉടൻ ആരംഭിക്കും.

പി.സി.ജോസ് , നഗരസഭാ ചെയർമാൻ