മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗര വികസനത്തിന് 25ന് തുടക്കമാകുമെന്ന് എൽദോ എബ്രഹാം എം.എൽ.എ പത്രസമ്മേളനത്തിൽ പറഞ്ഞു. സ്ഥലമേറ്റെടുക്കലിന്റെ ഉദ്ഘാടനം 25ന് രാവിലെ 9.30ന് കച്ചേരിത്താഴത്ത് നടക്കുന്ന ചടങ്ങിൽ ജോയ്‌സ് ജോർജ് എം.പി നിർവഹിക്കും. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർപേഴ്‌സൺ ഉഷ ശശിധരൻ സ്വാഗതം പറയും. ചടങ്ങിൽ മുൻ എം.എൽ.എമാർ, നഗരസഭാ കൗൺസിലർമാർ, ജില്ലാ,ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ , മെമ്പർമാർ, വിവിധ വകുപ്പ് ജീവനക്കാർ, മതമേലദ്ധ്യക്ഷൻമാർ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ, വിവിധ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ, ക്ലബ് ഭാരവാഹികൾ, പൊതുജനങ്ങൾ, വിദ്യാർത്ഥികൾ അടക്കമുള്ളവർ പങ്കെടുക്കും.
പതിറ്റാണ്ടുകളായി മൂവാറ്റുപുഴ നിവാസികളുടെ ചിരകാല സ്വപ്നമാണ് പൂവണിയാൻ പോകുന്നത്. കെ.എസ്.ടി.പി.റോഡ് നിർമ്മാണത്തിന്റെ ഭാഗമായി എം.സി.റോഡിലെ മറ്റ് നഗരങ്ങളെല്ലാം വികസിച്ചപ്പോൾ ഇരുഭാഗത്തുമുള്ള നഗരകവാടമായ വെള്ളൂർകുന്നം വരെയും പി.ഒ.ജംഗ്ഷൻവരെയും റോഡ് നിർമ്മാണം പൂർത്തിയാക്കി മൂവാറ്റുപുഴ നഗരത്തെ ഒഴിവാക്കുകയായിരുന്നു.
നഗരവികസനത്തിന് 135പേരുടെ സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 82പേരുടെ സ്ഥലമേറ്റെടുത്തു. ഇതിനായി 17.30കോടി രൂപ വിതരണം ചെയ്തുകഴിഞ്ഞു. ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ച് മാറ്റുന്നതിനും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുമായി 15ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഭൂഉടമകൾക്ക് പണം നൽകി ഏറ്റെടുത്ത സ്ഥലത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുടക്കമാകുന്നത്. ഭൂമി ഏറ്റെക്കുമ്പോൾ ഏറ്റെടുക്കുന്ന സ്ഥലത്തെ താത്കാലിക നിർമ്മാണ പ്രവർത്തനങ്ങൾക്ക് 35ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടന്നും എം.എൽ.എ പറഞ്ഞു. ഇനി 53പേരുടെ ഭൂമി ഏറ്റെടുക്കുന്നതിന് 19.50കോടി രൂപയും പൈപ്പ് ലൈനുകളും ഇലക്ട്രിക് പോസ്റ്റുകളും നീക്കം ചെയ്യുന്നതിന് 2.25കോടി രൂപയും റോഡ് നിർമ്മാണത്തിന് 17.50കോടി രൂപയും അടക്കമുള്ള വിശദമായ പ്രൊജക്ടാണ് കിഫ്ബിയ്ക്ക് സമർപ്പിച്ചിരിക്കുന്നത്. അടുത്ത കിഫ്ബി യോഗത്തിൽ പദ്ധതിക്ക് അനുമതി ലഭിക്കുമെന്നും എം.എൽ.എ പറഞ്ഞു. പത്രസമ്മേളനത്തിൽ നഗരസഭാ ചെയർപേഴ്‌സൺ ഉഷ ശശിധരനും വൈസ്‌ചെയർമാൻ പി.കെ.ബാബുരാജും പങ്കെടുത്തു.
.