f-kattuthara

കൊച്ചി: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ പരസ്യ നിലപാടെടുത്ത ഫാ. കുര്യാക്കാേസ് കാട്ടുതറയെ ഔദ്യോഗിക ചുമതലയിൽ നിന്ന് ഒഴിവാക്കിയാണ് ആദ്യ തിരിച്ചടി നൽകിയത്. ജലന്ധർ രൂപതയിലെ ബോഗ്പൂർ ഇടവവികാരി സ്ഥാനത്തുനിന്ന് നീക്കി വിശ്രമം വിധിച്ചു. ദസ്‌വ എന്ന സ്ഥലത്ത് വിശ്രമകേന്ദ്രമൊരുക്കി താമസിപ്പിച്ചു. ബിഷപ്പ് ഫ്രാങ്കോ അറസ്‌റ്റിലാകുന്നതിന് മുമ്പാണ് ഇക്കാര്യങ്ങൾ നടപ്പാക്കിയത്. ഇതോടെ കുര്യാക്കോസ് മാനസികമായി തകർന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

വികാരി സ്ഥാനത്തുനിന്ന് നീക്കിയ ശേഷം കാർ തകർക്കാൻ ശ്രമിക്കുകയും കൊല്ലുമെന്ന് ചിലർ ഭീഷണിപ്പെടുത്തിയതായും ഫാ. കുര്യാക്കാേസ് ബന്ധുക്കളെ അറിയിച്ചിരുന്നു. ജീവന് ഭീഷണിയുള്ളതിനാൽ മാനസികസമ്മർദ്ദമുണ്ടെന്നും അറിയിച്ചു. ഇതാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കാൻ കാരണം.

ജലന്ധർ രൂപതയുടെ കീഴിലുള്ള മിഷണറീസ് ഒഫ് ജീസസ് ഒഫ് സന്യാസിനി സഭയുടെ പുരോഗതിക്കായി നിലകൊണ്ടയാളാണ് ഫാ. കുര്യാക്കാേസ്. ഫ്രാങ്കോയ്‌ക്ക് മുമ്പുള്ള ബിഷപ്പിനൊപ്പം നിന്നാണ് പ്രവർത്തനങ്ങൾ ക്രാേഡീകരിച്ചത്. മിഷണറീസ് ഒഫ് ജീസസിന് കീഴിലുള്ളതാണ് കുറവിലങ്ങാട്ടെ ഇൻഫന്റ് ജീസസ് ഹോം. ഇവിടെയാണ് പീഡിപ്പിക്കപ്പെട്ട കന്യാസ്‌തീയും ഒപ്പം നിൽക്കുന്ന മറ്റ് അഞ്ച് കന്യാസ്‌ത്രീകളും കഴിയുന്നത്. ബിഷപ്പിനെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തെരുവിൽ സമരത്തിന് നേതൃത്വം നൽകിയ സിസ്‌റ്റർ അനുപമയുടെ ഇടവകയായ ചേർത്തല പള്ളിപ്പുറത്തെ അംഗമാണ് ഫാ. കുര്യാക്കോസ്.

 ഞങ്ങൾ ഭയചകിതരാണ്. എന്തെങ്കിലും സംഭവിക്കുമെന്ന ഭീതിയിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. കോൺവെന്റിന് പുറത്തേക്ക് പോകാറില്ല. ഫാ. കുര്യാക്കോസിന്റെ മരണത്തിൽ ദുരൂഹത സംശയിക്കാം. ബിഷപ്പ് ഫ്രാങ്കോയ്‌ക്ക് ഫാദറിനോട് താത്പര്യമില്ലായിരുന്നു.

സിസ്‌റ്റർ അനുപമ

(ബിഷപ്പിനെതിരെ സമരത്തിന് മുന്നിൽനിന്ന മിഷണറീസ് ഒഫ് ജീസസ് അംഗം)