mvpa83
വെള്ളൂർകുന്നം കോർമലയിൽ ഭൗമ ശാസ്ത്ര വിദഗ്ദ്ധ സംഘം പരിശോധന നടത്തുന്നു

മൂവാറ്റുപുഴ: മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന മൂവാറ്റുപുഴ നഗരസഭയിലെ വെള്ളൂർകുന്നം കോർ മലയിലും പായിപ്ര ഗ്രാമപഞ്ചായത്തിലെ തൃക്കളത്തൂർ കുരുട്ടായി മലയിലും ഭൗമശാസ്ത്ര സംഘം പരിശോധന നടത്തി. കേന്ദ്ര മൈനിംഗ് ആൻഡ് ജിയോളജിക്കൽ വകുപ്പിന് കീഴിലുള്ള ബംഗളൂരു റീജിയണൽ ഓഫീസിൽ നിന്നുള്ള ജിയോളജിസ്റ്റുകളായ കബിൽസിംഗ്, നേഹഗുപ്ത, എറണാകുളം മൈനിംഗ് ആൻഡ് ജിയോളജിയിലെ ജിയോളജിസ്റ്റായ ഡോ.സി.എസ്. മഞ്ജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പ്രാഥമിക പരിശോധനയിൽ നിലവിൽ ഇരുമലകളിലും അപകട സാദ്ധ്യയില്ലെന്നാണ് വിലയിരുത്തൽ. വിശദമായ പഠനത്തിന് ശേഷമേ മണ്ണിടിച്ചിലിന്റെ കാരണങ്ങളും തുടർപ്രവർത്തനങ്ങളെക്കുറിച്ചും പറയാൻ കഴിയുകയുള്ളുവെന്ന് കബിൽ സിംഗ് പറഞ്ഞു. വിശദമായ പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. ഇരുമലകളിലേയും മണ്ണിന്റെ ഘടന, പാറയുടെ സാന്നിദ്ധ്യം, ജലത്തിന്റെ സാന്നിദ്ധ്യം എന്നിവയും, ഇടിഞ്ഞ സ്ഥലത്തിന്റെയും വിള്ളൽ വീണതിന്റെയും ഘടനയും മറ്റും വിശദമായി പരിശോധിച്ചു. മലയുടെ സമീപ പ്രദേശങ്ങളിൽ പരിശോധന നടത്തിയ സംഘം സമീപവാസികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് വിവരങ്ങൽ ശേഖരിച്ചു.

എൽദോ എബ്രഹാം എം.എൽ.എയുടെ നിർദ്ദേശത്തെ തുടർന്നാണ് സംഘം പരിശോധനക്കെത്തിയത്. നഗരസഭാ ചെയർപേഴ്‌സൺ ഉഷ ശശിധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ, പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ. ഏലിയാസ്, വൈസ് പ്രസിഡന്റ് എം.പി. ഇബ്രാഹിം, മെമ്പർമാരായ അശ്വതി ശ്രീജിത്ത്, മറിയംബീവി നാസർ, സി.കെ. സിദ്ധീഖ്, കെ.ഇ. ഷിഹാബ്, എം.സി. വിനയൻ, ഡെപ്യൂട്ടി തഹസിൽദാർ കെ.എസ്. സതീശൻ, വില്ലേജ് ഓഫീസർ എ.പി. സന്തോഷ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.