വാഴക്കുളം: അശാസ്ത്രീയ തടയണ നിർമാണം മൂലം വെള്ളക്കെട്ട് രൂക്ഷമായതിനാൽ കൃഷിയിറക്കാനാകാതെ കർഷകർ വലയുന്നു. വാഴക്കുളം പഞ്ചായത്തിലെ പെരിയാർവാലിയുടെ ഉടമസ്ഥതയിലുള്ള കുന്നുവഴി കുളക്കാട്ട'പുഞ്ച ഡ്രെയിനേജ് കനാലിലാണ് അശാസ്ത്രീയമായി തടയണ നിർമിച്ചിട്ടുള്ളത്. ഇതുമൂലം വാഴക്കുളം, വെങ്ങോല പഞ്ചായത്തുകളിലെ മുന്നൂറോളം ഏക്കർ സ്ഥലത്ത് വെള്ളക്കെട്ടായതിനാൽ നെൽകൃഷി ഇറക്കാൻ സാധിക്കുന്നില്ലെന്ന് പള്ളിപ്പുറം കാളൻചിറ പാടശേഖര നെല്ലുല്പാദക സമിതി ആരോപിച്ചു.
വാഴക്കുളം പഞ്ചായത്തിലെ കുന്നുവഴി മുതൽ ചെറുവേലിക്കുന്ന് തുറ വഴി കുളക്കാട്ട് പാടത്തിന്റെ പടിഞ്ഞാറ് അറ്റം വരെ ഇരുന്നൂറ് ഏക്കർ നിലവും വെങ്ങോല പഞ്ചായത്തിലെ നെടുന്തോട് വരെയുളള നൂറോളം ഏക്കർ നിലവും വെള്ളം വറ്റിച്ച് കൃഷി യോഗ്യമാക്കുന്നതിന് വേണ്ടിയാണ് 35 വർഷം മുമ്പ് പൊന്നും വിലക്ക് സ്ഥലം ഏറ്റെടുത്ത് പെരിയാർവാലി ഡ്രൈനേജ് കനാൽ പണിതത്. കഴിഞ്ഞ മാർച്ചിൽ കനാലിനോടനുബന്ധിച്ച് ചെറുവേലിക്കുന്ന് തുറയുടെ ഭാഗത്ത് അശാസ്ത്രീയമായി തടയണ നിർമിക്കുകയായിരുന്നു. ഇതുമൂലം വിളവെടുപ്പിന് പാകമായി നിന്ന വെങ്ങോല പഞ്ചായത്ത് പരിധിയിലെ 20 ഏക്കറും വാഴക്കുളത്തെ കാളൻചിറ പാടശേഖരത്തിലെ പത്തേക്കറിലേയും നെല്ല് കൊയ്യാനാകാതെ നശിച്ചിരുന്നു.
സർക്കാരിന്റെ നെൽകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നയത്തെ തുടർന്ന് ഈ ഭാഗത്തെ നിരവധിപേർ കൃഷിയിറക്കാൻ മുന്നോട്ടു വരുന്നുണ്ടെങ്കിലും തുടർച്ചയായി കൃഷി ചെയ്തിരുന്ന നിലം തരിശായി കിടന്ന് പുല്ല് കയറി നാശമായി കിടക്കുകയാണ്.
തടയണ പൊളിച്ചുനീക്കണം
മാനദണ്ഡങ്ങൾ പാലിക്കാതെയും അശാസ്ത്രീയമായും പണിതിട്ടുള്ള തടയണ ഉടനെ പൊളിച്ചുനീക്കി കൃഷി ചെയ്യാൻ സൗകര്യം ഒരുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും സമിതി പ്രസിഡന്റ് ടി.എ. അലിയാർ, ജനറൽ സെക്രട്ടറി ടി.എ. മുഹമ്മദ് എന്നിവർ അറിയിച്ചു.