കൊച്ചി: സിവിൽ തർക്കത്തിൽ നിയമവിരുദ്ധമായി ഇടപെട്ട തൊടുപുഴ സി.ഐ എൻ.ജി. ശ്രീമോനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന ഉറപ്പ് പാലിക്കാത്തതിന് നവംബർ ഒമ്പതിന് കാരണം അറിയിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു.
നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഈമാസം 10ന് കോടതി ഉത്തരവിട്ടിരുന്നു. സി.ഐയുടെ ഇടപെടലിനെക്കുറിച്ച് ഐ.ജിയും ആഭ്യന്തര സെക്രട്ടറിയും നൽകിയ റിപ്പോർട്ടുകളിൽ വൈരുദ്ധ്യമുണ്ടെന്ന് കോടതി പറഞ്ഞു.
ഉടുമ്പന്നൂർ സ്വദേശി ബേബിച്ചൻ വർക്കി സമർപ്പിച്ച ഹർജിയിലാണ് നടപടി. തൊടുപുഴ പൊലീസിന്റെ പരിധിക്ക് പുറത്തെ ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിൽ തൊടുപുഴ സി.ഐ ഇടപെട്ട് പീഡിപ്പിക്കുന്നെന്നാണ് പരാതി.
പരാതിക്കാരനും ആരോപണ വിധേയനും കരിമണ്ണൂർ സ്‌റ്റേഷൻ പരിധിയിലാണ് താമസം. അധികാര പരിധിക്കു പുറത്തുള്ള വിഷയത്തിൽ ഇടപെട്ട് കക്ഷികളെ ഒത്തുതീർപ്പിന് നിർബന്ധിക്കരുതെന്ന 2012ലെ ഡിജിപിയുടെ സർക്കുലറിന് വിരുദ്ധമാണ് സി.ഐയുടെ നടപടികൾ. ഡി.ജി.പിയുടെ സർക്കുലറും നിയമവും പരിശോധിച്ചാൽ ശ്രീമോൻ നീതിയുക്തമല്ലാതെ ഇടപെട്ടതായി വ്യക്തമാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശ്രീമോനെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കാൻ ഡി.ജി.പിയോട് നിർദ്ദേശിച്ചതായും ആഭ്യന്തരവകുപ്പ് അറിയിച്ചു.