കൊച്ചി: അമ്മയ്ക്ക് വീണ്ടും ഡബ്ളിയു.സി.സി വക തല്ല്. ദിലീപിനെ താരസംഘടനയിൽ നിന്ന് പുറത്താക്കിയതിന് ശേഷമുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് രൂക്ഷവിമർശനം.
ദിലീപ് അമ്മയിൽ അംഗമല്ല എന്ന വാർത്ത സ്വാഗതം ചെയ്യുന്നു. ഒപ്പം എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ തീരുമാനം എടുക്കാനുള്ള വിമുഖതയിൽ നിരാശയാണെന്ന് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ആക്രമിക്കപ്പെട്ട നടിയും മറ്റു മൂന്ന് പേരും രാജിവച്ചത് എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പക്ഷപാതപരമായ നിലപാടിലാണ്. മീ ടൂ പോലുള്ള തുറന്നുപറച്ചിലുകളെ രാജ്യം പിന്തുണയ്ക്കുന്ന കാലത്ത് അമ്മയുടെ പരസ്പര വിരുദ്ധ പ്രസ്താവനകളും ഉൾപ്പോരുകളും സ്ത്രീകളെ അലങ്കാര വസ്തുവായി കാണുന്ന മനോഭാവവും ദൗർഭാഗ്യകരമാണ്. ഇത് ഒരു സംഘടനയുടെ മാത്രം പ്രശ്നമല്ല. സിനിമാമേഖലയെ ഒന്നാകെ ബാധിക്കുന്നതാണ്. സംഘടനകൾ അംഗങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സമത്വത്തിനും വേണ്ടി പ്രവർത്തിക്കണം. നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ ദിവ്യ ഗോപിനാഥ്, ശ്രീദേവിക, ശ്രുതി ഹരിഹരൻ എന്നിവർക്ക് പിന്തുണ. അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാൻ wcc.home.blog എന്ന ബ്ളോഗിനും ഡബ്ളിയു.സി.സി തുടക്കമിട്ടു.