-high-court-of-kerala-

കൊച്ചി: പൊതുതാത്പര്യത്തിന് ദോഷകരമാകാത്ത വിധത്തിൽ സമൂഹമാദ്ധ്യമത്തിൽ പ്രതികരിക്കാൻ ജീവനക്കാർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി. അഭിപ്രായ പ്രകടന സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനശില. വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യം സ്ഥാപനത്തിന്റെ പൊതുതാത്പര്യത്തിനകത്തു തന്നെയാകണമെന്നും സിംഗിൾ ബെഞ്ച് വിശദമാക്കി.

സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് പ്രസിദ്ധീകരിച്ചതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട എം.ജി സർവകലാശാല ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാനുള്ള ഉത്തരവിലാണ് നിരീക്ഷണങ്ങൾ.

സർവകലാശാലയ്ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ പോസ്റ്റിട്ടെന്ന് ആരോപിച്ചാണ് അസിസ്റ്റന്റ് എ.പി. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്.
എം.ജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷൻ അംഗത്വത്തിൽ നിന്ന് അനിൽകുമാറിനെ 2018 ജൂൺ അഞ്ചിന് പുറത്താക്കിയിരുന്നു. ഇതിനെതിരെ പ്രതികരിച്ചതിനാണ് സസ്പെൻഷനെന്ന് ഹർജിയിൽ പറയുന്നു. ആക്ഷേപഹാസ്യരൂപത്തിൽ സർവകലാശാലയെയും അധികാരികളെയും അപമാനിച്ചെന്നാണ് ആരോപണം. പോസ്റ്റിൽ സ്ഥാപനത്തെയോ വ്യക്തിയെയോ പേരെടുത്ത് പറഞ്ഞിട്ടില്ല.

പോസ്റ്റ് ആരെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാകാൻ അന്വേഷണം വേണ്ടിവരും.

സംഘടനയിൽ നിന്ന് പുറത്താക്കിയതിനെ വിമർശിച്ചത് സർവകലാശാലയ്ക്കും ഉദ്യോഗസ്ഥർക്കും എതിരെയാണെന്നാണ് സർവകലാശാല സംശയിച്ചത്. സസ്‌പെൻഷൻ തുടരണോയെന്ന് ആലോചിക്കാൻ സെപ്തംബർ 14ന് കോടതി നിർദ്ദേശിച്ചപ്പോൾ തുടരാനായിരുന്നു സർവകലാശാല തീരുമാനം.
തുടർന്നാണ് സസ്പെൻഷൻ പിൻവലിക്കാൻ കോടതി ഉത്തരവിട്ടത്. പോസ്റ്റിട്ടതിനെ വൈകാരികമായി സർവകലാശാല കാണരുത്. അന്വേഷണം പൂർത്തിയാകുംവരെ ഹർജിക്കാരൻ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.
സമൂഹമാദ്ധ്യമങ്ങളിലെ അഭിപ്രായങ്ങൾ സംബന്ധിച്ച് പ്രത്യേക മാർഗനിർദ്ദേശങ്ങളില്ലാത്തതാണ് ഇത്തരം പ്രശ്‌നങ്ങൾക്ക് കാരണമെന്ന് കോടതി അഭിപ്രായപ്പെട്ടു.