wcc

കൊച്ചി: സിനിമാരംഗത്തെ ലൈംഗികാതിക്രമ പരാതികൾ പരിശോധിക്കാൻ സമിതികൾ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിമെൻ ഇൻ സിനിമ കളക്ടീവ് (ഡബ്ളിയു.സി.സി) അംഗം രമ്യാ നമ്പീശനും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.

സിനിമയുമായി ബന്ധപ്പെട്ട മുഴുവൻ സംഘടനകളിലും സമിതി രൂപീകരിക്കണമെന്ന് ഹർജിയിൽ പറയുന്നു. താര സംഘടനയായ അമ്മയിൽ സമിതി രൂപീകരിക്കാൻ ഡബ്ളിയു.സി.സി സമർപ്പിച്ച ഹർജി കോടതിയുടെ പരിഗണനയിലുണ്ട്.
കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഒഫ് കേരള (ഫെഫ്‌ക), മലയാളം സിനിമാ ടെക്‌നിഷ്യൻസ് അസോസിയേഷൻ (എം.എ.സി.ടി.എ), കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴേസ് അസോസിയേഷൻ എന്നിവയെ ഹർജിയിൽ കക്ഷി ചേർത്തിട്ടുണ്ട്. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ നേരിടാൻ സുപ്രീംകോടതി ഉത്തരവു പ്രകാരം നടപടി വേണമെന്നാവശ്യപ്പെട്ടാണ് ഹർജി. സമിതിയുടെ അനുമതിയുള്ള സിനിമകൾക്കേ പ്രദർശനാനുമതി നൽകാവൂവെന്ന് സെൻസർ ബോർഡിന് നിർദ്ദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.