കൊച്ചി : വിവാദച്ചുഴിയിലായ താരസംഘടന അമ്മയ്‌ക്ക് ഇരുട്ടടിയായി ദിലീപിന്റെ കത്ത് പുറത്ത്. ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കിയെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞ പ്രസിഡന്റിനും എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾക്കും ഈ കത്ത് തലവേദനയാകുകയാണ്. ഫേസ്ബുക്ക് പേജിലൂടെ ദിലീപ് തന്നെയാണ് അമ്മയ്‌ക്ക് നൽകിയ കത്ത് പരസ്യമാക്കിയത്. മോഹൻലാലുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് രാജിക്കത്ത് നൽകിയത്. കത്ത് സ്വീകരിച്ചതിനാൽ അത് രാജിയാണെന്നും പുറത്താക്കലല്ലെന്നും പോസ്റ്റിൽ പറയുന്നു. ദിലീപിനെതിരെ നടപടി എടുക്കാൻ എക്‌സിക്യൂട്ടിവ് കമ്മിറ്റി മടിക്കുകയാണെന്ന ഡബ്ലിയു.സി.സിയുടെ വാദം ശരിവയ്‌ക്കുന്നതാണ് ഈ ഫേസ്ബുക്ക് പോസ്റ്റ്. ഇതോടെ രാജി ചോദിച്ചു വാങ്ങിയതാണെന്ന് പറഞ്ഞ മോഹൻലാൽ പ്രതിക്കൂട്ടിലായി. ഇക്കാര്യത്തിൽ അമ്മയിലെ ആരും പ്രതികരിക്കാൻ തയ്യാറായില്ല.
കത്തിന്റെ ചുരുക്കം
മനസാവാചാ അറിയാത്ത കുറ്റത്തിന് കഴിഞ്ഞ ഒന്നര കൊല്ലമായി വേട്ടയാടപ്പെടുകയാണ്. നമ്മുടെ സംഘടനയുടെ അവൈലബിൾ എക്‌സിക്യൂട്ടിവ് എന്നെ പുറത്താക്കാനും അത് കഴിഞ്ഞു വന്ന ജനറൽ ബോഡി എനിക്കെതിരായ നടപടി മരവിപ്പിക്കാനും തീരുമാനിച്ചു. കേസിൽ കോടതിയുടെ തീർപ്പുണ്ടാകും വരെ സംഘടനയിലേക്ക് തിരിച്ചില്ലെന്ന് തീരുമാനിച്ച് ഞാൻ അമ്മയ്‌ക്ക് കത്ത് നൽകിയിരുന്നു. നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയുടെയും ഭാഗമാകാൻ തയ്യാറല്ലെന്ന് പരസ്യ നിലപാടെടുത്തിട്ട് കൂടി വിവാദങ്ങൾ സൃഷ്‌ടിച്ച് എന്നെയും അമ്മയെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
അമ്മയിൽ നിന്ന് എന്നെ പുറത്താക്കണമെന്ന ആവശ്യം വീണ്ടുമുയർത്തി സംഘടനയിൽ വിവാദവും ഭിന്നിപ്പും സൃഷ്‌ടിക്കാൻ സംഘടിത നീക്കം ചില അംഗങ്ങളുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് ശേഷവും ശക്തമായി തുടരുന്നതായി അറിഞ്ഞു. സംഘടനയ്‌ക്കും അതിന്റെ നിയമാവലിക്കും ഉള്ളിൽ നിന്ന് മാത്രം അനുസരണയോടെ പ്രവർത്തിച്ചിട്ടുള്ള ഞാൻ ഇനിയും സംഘടനയുടെ നന്മയ്‌ക്കും വളർച്ചയ്ക്കും വേണ്ടി ഒരു തീരുമാനം എടുക്കുകയാണ്. ഇനി എന്റെ പേര് പറഞ്ഞ് അമ്മയെ തകർക്കാനുള്ള ഗൂഢാലോചനകളും വിവാദങ്ങളും തുടരേണ്ട. ഈ നിമിഷം വരെ ഞാൻ അമ്മയിൽ അംഗമാണ്. വിവാദം അവസാനിപ്പിക്കുന്നതിന് വേണ്ടി ഞാൻ നൽകുന്ന രാജിക്കത്തായി ഈ കത്ത് പരിഗണിക്കണമെന്നും അമ്മയുടെ അംഗത്വത്തിൽ നിന്ന് എന്നെ ഒഴിവാക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു.