കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സാഹിത്യകാരനും നിരൂപകനുമായ പ്രൊഫ. എം.കെ.സാനു, കലാമണ്ഡലം ഗോപി, സംസ്‌കൃത പണ്ഡിതൻ പ്രൊഫ.എൻ.വി.പി. ഉണിത്തിരി എന്നിവർക്ക് ഡി-ലിറ്റ് ബിരുദം നൽകി ആദരിച്ചു. സർവകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗവർണറും സർവകലാശാല ചാൻസിലറുമായ റിട്ട. ജസ്റ്റിസ് പി. സദാശിവം ബിരുദദാനം നിർവഹിച്ചു. വൈസ് ചാൻസിലർ ഡോ. ധർമ്മരാജ് അടാട്ട് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. കെ. ടി. ജലീൽ സന്നിഹിതനായിരുന്നു.
പ്രൊഫ. എം.കെ.സാനുവിന് മലയാള സാഹിത്യ നിരൂപണ രംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ചാണ് സർവ്വകലാശാല ഡി. ലിറ്റ് നൽകി ആദരിച്ചത്.
നൂറിലേറേ ഗ്രന്ഥങ്ങളുടെയും ഗവേഷണ പ്രബന്ധങ്ങളുടെയും കർത്താവാണ് ഡോ.എൻ.വി.പി ഉണിത്തിരി. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ പ്രഥമ പ്രിൻസിപ്പലും ഡീനും കോഴിക്കോട് സർവകലാശാല സംസ്‌കൃത വിഭാഗത്തിന്റെ അദ്ധ്യക്ഷനുമായിരുന്നു.
ജീവിതം പൂർണമായും കഥകളിക്ക് സമർപ്പിച്ച വ്യക്തിത്വമാണ് പത്മശ്രീ പുരസ്‌കാര ജേതാവായ കലാമണ്ഡലം ഗോപിയുടേത്. കേരള കലാമണ്ഡലം മുൻ പ്രിൻസിപ്പലായിരുന്നു.
പ്രോ വൈസ് ചാൻസിലർ കെ.എസ്. രവികുമാർ, രജിസ്ട്രാർ ഡോ. ടി.പി.രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.