കൊച്ചി: അമ്മയെ വിടാതെ പിന്തുടരുന്ന വിവാദങ്ങളിൽ മനം മടുത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹൻലാലും ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇടവേള ബാബുവും രാജി വയ്ക്കാനൊരുങ്ങുന്നതായി സൂചന. തന്റെ രാജിക്കത്ത് ദിലീപ് തന്നെ സോഷ്യൽമീഡിയയിൽ പ്രസിദ്ധീകരിച്ചതാണ് ഏറ്റവും ഒടുവിലെ വിവാദം. താൻ സംരക്ഷിക്കാൻ ശ്രമിച്ചിട്ടും ദിലീപ് തന്നെ തള്ളിപ്പറഞ്ഞത് മോഹൻലാലിനെ ചൊടിപ്പിച്ചതായാണ് വിവരം. ദിലീപിനെ പുറത്താക്കിയതാണെന്ന മോഹൻലാലിന്റെ പ്രസ്താവന തെറ്റാണെന്ന് കാണിക്കുന്നതായിരുന്നു ദിലീപിന്റെ പോസ്റ്റ്.
ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ വിവാദങ്ങൾ കത്തി നിൽക്കുന്ന നിർണ്ണായക ഘട്ടത്തിലാണ് മോഹൻലാൽ അമ്മ പ്രസിഡന്റായത്. ഡബ്ല്യു.സി.സിയും അമ്മയിലെ വനിതാഅംഗങ്ങളായ രേവതി, പാർവ്വതി, പദ്മപ്രിയ എന്നിവരും അമ്മയ്ക്കെതിരെ തിരിഞ്ഞത് സമാധാനപരമായി അവസാനിപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഈ പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽ താൻ സ്ഥാനത്ത് തുടരില്ലെന്ന് ആഗസ്റ്റ് 7ലെ വാർത്താസമ്മേളനത്തിൽ മോഹൻലാൽ പറഞ്ഞിരുന്നു. ഒക്ടോബർ 19ലെ വാർത്താസമ്മേളനത്തിലും ആരോപണങ്ങൾ വ്യക്തിപരമായി നീളുന്നതിൽ അതൃപ്തനാണെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
18 വർഷത്തോളമായി അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് ഇരുന്ന ഇടവേള ബാബുവും അസ്വസ്ഥനാണ്. ഒടുവിൽ മീടു വെളിപ്പെടുത്തൽ നടത്തിയ ശ്രീ ദേവികയുടെ കത്തിൽ തന്റെ പരാതി അന്നത്തെ സെക്രട്ടറി ഒതുക്കാൻ ശ്രമിച്ചുവെന്ന പരാമർശമുണ്ടായിരുന്നു. എല്ലാ വിവാദങ്ങൾക്കും മറുപടി പറയാനാവില്ലെന്ന നിലപാടിലാണ് ഇപ്പോൾ ഭാരവാഹികൾ. നവംബർ 24ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചാൽ മതിയെന്ന തീരുമാനത്തിലാണ് ഭരണസമിതിയംഗങ്ങൾ.