jail

കൊച്ചി: സംസ്ഥാനത്തെ ജയിലുകളിൽ അസ്വാഭാവികമായി മരണപ്പെടുന്ന തടവുകാരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം നിലപാടറിയിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ ഉത്തരവ്. ജയിൽ പരിഷ്‌കരണം സംബന്ധിച്ച സുപ്രീംകോടതി നിർദ്ദേശങ്ങൾ സ്വമേധയാ പരിഗണിച്ച പൊതുതാല്പര്യ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. മരിച്ചവരിൽ ചിലരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്ന സർക്കാർ സത്യവാങ്മൂലം പരിശോധിച്ചു. 2011നും 2016നുമിടയിൽ 21 തടവുകാർ മരിച്ചതായി സർക്കാർ അറിയിച്ചിരുന്നു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ചില കേസുകളിൽ വ്യക്തമല്ല. ഇക്കാര്യങ്ങൾ കൂടി പുതിയ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തണം. ചീഫ് സെക്രട്ടറി, ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി, സാമൂഹ്യ നീതി സ്‌പെഷ്യൽ സെക്രട്ടറി, ഡി.ജി.പി, ജയിൽ ഡി.ജി.പി, സാമൂഹ്യ നീതി ഡയറക്ടർ എന്നിവരാണ് എതിർകക്ഷികൾ.