-kerala-high-court

കൊച്ചി: നിയമവിരുദ്ധമായി പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ഫ്ളക്‌സ് ബോർഡുകളും പരസ്യബോർഡുകളും കൊടി തോരണങ്ങളും ഈ മാസം 30നകം നീക്കിയില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ഫീൽഡ് ജീവനക്കാരുമായിരിക്കും ഉത്തരവാദികളെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ബോർഡ് എടുത്തുമാറ്റുന്നതിനുള്ള ചെലവും പിഴയും ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നും നിയമപരമായ മറ്റു നടപടികൾ സ്വീകരിക്കണമെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.

30നു ശേഷം സ്ഥാപിക്കുന്ന ബോർഡുകൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിലും തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരും ഫീൽഡ് ജീവനക്കാർക്കാരും ഉത്തരവാദികളാകും.പാതയോരങ്ങളിലെ നിയമവിരുദ്ധ ബോർഡുകളെക്കുറിച്ച് സുരക്ഷാ നിയമത്തിലെ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കാൻ ജില്ലാ കലക്ടർമാർക്കും ജില്ലാ പൊലിസ് മേധാവികൾക്കും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകണം. രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ എല്ലാവർക്കും ഉത്തരവ് ബാധകമാണ്. ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് സർക്കാർ നിയമിച്ച നോഡൽ ഓഫീസർമാർക്ക് ജനങ്ങൾക്ക് പരാതി നൽകാം.