road
മേയ്ക്കാട് വഴിയുള്ള അങ്കമാലി - പറവൂർ പൊതുമരാമത്ത് റോഡ് കിഴക്കേമേയ്ക്കാട് ഭാഗത്ത് തകർന്ന് സഞ്ചാരയോഗ്യമല്ലാതായ നിലയിൽ

നെടുമ്പാശേരി: തകർന്ന് തരിപ്പണമായിക്കിടക്കുന്ന മേയ്ക്കാട് വഴിയുള്ള പൊതുമരാമത്ത് വകുപ്പിന്റെ അങ്കമാലി - പറവൂർ റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടും നിർമ്മാണം ആരംഭിക്കാത്തതിനെതിരെ പ്രതിഷേധം. ഈ പ്രദേശം ആലുവ നിയോജക മണ്ഡലത്തിന്റെ ഭാഗമായ ശേഷം റോഡിൽ റീ ടാറിംഗ് നടന്നിട്ടില്ല. പത്തുവർഷം മുമ്പ് എസ്. ശർമ്മ എം.എൽ.എ ആയിരുന്നപ്പോഴാണ് റോഡ് അവസാനമായി റീ ടാർ ചെയ്തത്.

ആലുവ എം.എൽ.എ നിരന്തരമായി ഈ റോഡിനെ അവഗണിക്കുന്നതായി ആക്ഷേപമുയർന്നതിനെ തുടർന്ന് നെടുമ്പാശേരി പഞ്ചായത്തിന്റെ കൂടി ഇടപെടലോടെ 27 ലക്ഷം രൂപ റോഡ് നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് അനുവദിക്കുകയും ടെൻഡർ ചെയ്ത് എഗ്രിമെന്റ് വെയ്ക്കുകയും ചെയ്തിരുന്നു. പ്രളയത്തിനു മുമ്പ് നടപടികൾ പൂർത്തിയായെങ്കിലും നിർമ്മാണം ആരംഭിക്കാൻ അധികൃതർ യാതൊന്നും ചെയ്തില്ല. പ്രതിദിനം 60 ലധികം സ്വകാര്യബസുകൾ സർവീസ് നടത്തുന്ന ആയിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ സഞ്ചരിക്കുകയും ചെയ്യുന്ന ഈ റോഡിൽ ചമ്പന്നൂർ, വേതുചിറ, മേയ്ക്കാട് ഭാഗങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.

സ്വകാര്യബസുകളിൽ പലതും ഇതുവഴി സർവീസ് നടത്താതെ ദേശീയപാത വഴി കടന്നുപോകുന്നതായി യാത്രക്കാർ പറയുന്നു. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും ടെൻഡർ ചെയ്ത പ്രവൃത്തി ഉടൻ ആരംഭിക്കണമെന്നും നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോയും, വൈസ് പ്രസിഡന്റ് പി സി സോമശേഖരനും ആവശ്യപ്പെട്ടു.