കൊച്ചി: ശബരിമല വിഷയത്തിൽ സവർണ - അവർണ വിഭാഗീതയയുണ്ടാക്കി സംഘർഷമുണ്ടാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് അയ്യപ്പധർമ്മസേന പ്രസിഡന്റ് രാഹുൽ ഈശ്വർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിന് യോജിക്കാത്ത പ്രസ്‌താവന നടത്തിയ പിണറായിക്കെതിരെ നിയമനടപടി സ്വീകരിക്കും
ജാതീയമായ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയനേട്ടം കൊയ്യാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണ്. തന്ത്രിക്കെതിരെ വ്യഭിചാരം ആരോപിച്ചത് വസ്‌തുതാവിരുദ്ധവും വേദനിപ്പിക്കുന്നതുമാണ്. തന്ത്രിയെ ചിലർ കുടുക്കിയതാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം മുഖ്യമന്ത്രി അംഗീകരിച്ചതിൽ സന്തോഷമുണ്ട്.
വെടിവഴിപാട് നടത്തിയിരുന്ന ചീരപ്പൻചിറയെന്ന ഈഴവ കുടുംബത്തെയും, മകരജ്യോതി തെളിയുമ്പോൾ കർപ്പൂരം കത്തിച്ചിരുന്ന മലയരയന്മാരെയും ഒഴിവാക്കിയത് ദേവസ്വം ബോർഡാണ്. അവകാശങ്ങൾ ബന്ധപ്പെട്ടവർക്ക് തിരിച്ചുനൽകണം. ശബരിമലയിൽ ബ്രാഹ്മണാർജ്ജിത ശാന്തിമാർ വേണം.