കൊച്ചി: ഡി.ജി.പി ജേക്കബ് തോമസിന് തമിഴ്നാട്ടിലെ വിരുതനഗറിലുള്ള 50 ഏക്കർ ഭൂമി കണ്ടുകെട്ടാൻ ആദായനികുതി വകുപ്പ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജേക്കബ് തോമസിന്റെ വീടുകളിൽ തമിഴ്നാട് ആദായനികുതി വകുപ്പ് നോട്ടീസ് പതിപ്പിച്ചു.
2001 ൽ വിരുതഗറിൽ ഭൂമി വാങ്ങിയത് ഇസ്ര അഗ്രോടെക് ലിമിറ്റിഡ് എന്ന കമ്പനിയുടെ പേരിലാണ്. ഇതിൽ ജേക്കബ് തോമസ് ഡയറക്‌ടറല്ല. കമ്പനിയുടെ ഓഫീസായി രേഖകളിൽ കാണിച്ചിരിക്കുന്നത് എറണാകുളം മറൈൻഡ്രൈവിലുള്ള ഒരു കടമുറിയാണ്. ഇവിടെ മറ്റൊരു സ്ഥാപനമാണ് പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിലെ ഭൂമി ബിനാമി ഇടപാടിൽ ജേക്കബ് തോമസിന്റേതാണെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. ആദ്യം നൽകിയ രണ്ട് വിശദീകരണ നോട്ടീസിൽ ജേക്കബ് തോമസ് മറുപടി നൽകിയില്ല. മൂന്നാമത്തെ നോട്ടീസിൽ ബിനാമി ഇടപാടായി കണക്കാക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു ശേഷമാണ് സ്വത്ത് കണ്ടുകെട്ടുന്നതായി കാണിച്ച് ആദായനികുതി വകുപ്പ് ചെന്നൈ അസി. കമ്മിഷണർ കെ. വൈശാഖിന്റെ പേരിലുള്ള നോട്ടീസ് ജേക്കബ് തോമസിന്റെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ വസതികളിൽ പതിച്ചത്. ബിനാമി സ്വത്ത് കണ്ടുകെട്ടുന്നുവെന്നാണ് നോട്ടീസിൽ പറയുന്നത്,