biju-bjp

കൊച്ചി: ശബരിമലയ്‌ക്ക് പുറപ്പെട്ട ബി.എസ്.എൻ.എൽ ജീവനക്കാരി രഹ്‌ന ഫാത്തിമ താമസിക്കുന്ന പനമ്പള്ളിനഗറിലെ കമ്പനി ക്വാട്ടേഴ്സ് അക്രമിച്ച ബി.ജെ.പി കടവന്ത്ര ഏരിയ പ്രസിഡന്റ് വിദ്യാമന്ദിർ റോഡിൽ പുലിമുറ്റത്ത് പറമ്പ് പി.എം. ബിജുവിനെ (47) എറണാകുളം സൗത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകൻ അജീഷ് ഒളിവിലാണ്.

കഴിഞ്ഞ 19 ന് രാവിലെയാണ് രഹ്‌ന പമ്പയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്ന വിവരങ്ങൾ പുറത്തായത്. ഇതിന് തൊട്ടുപിന്നാലെ ഇവരുടെ വീടാക്രമിച്ചു. ക്വാർട്ടേഴ്സിന് തൊട്ടടുത്ത് വരെ സ്‌കൂട്ടറിൽ എത്തിയ ബിജുവും സംഘവും നടന്നാണ് വീട്ടിലേക്ക് പ്രവേശിച്ചത്. ഹെൽമെറ്റ് ധരിച്ച ഇവർ ജനൽചില്ലുകളും വീടിന് പുറത്തുണ്ടായിരുന്ന ഉപകരണങ്ങളും എറിഞ്ഞു തകർത്തു. ബിജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.