ബസ് കാത്തുനിൽപ്പ് കേന്ദ്രത്തിലെ മാലിന്യക്കൂമ്പാരം

കാലടി: മഞ്ഞപ്ര ഗ്രാമപഞ്ചായത്തിലെ കാലടി- മഞ്ഞപ്ര റോഡിലെ ബസ് കാത്തുനിൽപ്പ് കേന്ദ്രത്തിൽ മാലിന്യക്കൂമ്പാരം യാത്രക്കാരെയും പരിസരവാസികളെയും വലയ്ക്കുന്നു. പ്രധാന ബസ് റൂട്ടായ കാലടി - അയ്യമ്പുഴ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡിലെ ബസ് സ്റ്റോപ്പിലും സമീപപ്രദേശങ്ങളിലും ആശുപത്രി പരിസരത്തും മാലിന്യനിക്ഷേപം കാരണം മൂക്കുപൊത്താതെ സഞ്ചരിക്കാൻ പോലുമാകാത്ത അവസ്ഥയാണ്. കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവയാണ് ഇവിടെ നിക്ഷേപിക്കുന്നത്. മാലിന്യങ്ങൾ നായ്ക്കളും പക്ഷികളും കൊത്തിവലിച്ച് സമീപത്തെ മറ്റു ഭാഗങ്ങളിൽ കൊണ്ടിടുന്നതും ദുരിതമിരട്ടിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കനാലിൽ നിന്നു കോരിയിട്ട മാലിന്യങ്ങളാണ് റോഡരികിൽ കിടന്ന് അഴുകുന്നത്. എന്നാൽ ഗ്രാമപഞ്ചായത്ത് അധികാരികളോട് പലവട്ടം പരാതിപ്പെട്ടിട്ടും പരിഹാരമില്ലെന്ന് നാട്ടുകാർ പറയുന്നു.