kadakampalli

കൊച്ചി ശബരിമലയിൽ രക്തം വീഴ‌്ത്താനുള്ള ഗൂഢാലോചന രാജ്യദ്രോഹമാണെന്ന‌് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. രാഹുൽ ഈശ്വറിന്റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത് ഇതാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞ

ചോരചീന്തിയിട്ടായാലും സുപ്രീംകോടതിവിധി നടപ്പാക്കാൻ സമ്മതിക്കില്ലെന്നാണ‌് രാഹുൽ ഈശ്വർ പറഞ്ഞത്. സന്നിധാനത്ത് ചോരയൊഴുക്കി നടയടപ്പിക്കാൻ തയ്യാറെടുത്തിരുന്നെന്നാണ‌് പറഞ്ഞത‌്. ഇത്തരം വൈകൃതമനസുകളെ വിശ്വാസികൾ തിരിച്ചറിയണം. രാഹുലിന്റെ തുറന്നുപറച്ചിൽ ഗൗരവമായാണ‌് സർക്കാർ കാണുന്നത‌്. അയാളുടെ വെളിപ്പെടുത്തൽ സ്വന്തം നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയുടെ ഒരു ഭാഗം മാത്രമാണ്. ശബരിമല കലാപഭൂമിയാക്കാനുള്ള വർഗീയവാദികളുടെ ഗൂഢാലോചനയാണിത്. അത് രാഹുൽ ഈശ്വർ തന്നെ വെളിപ്പെടുത്തി. ഇനി എന്തെല്ലാമാണ് അവർ തീരുമാനിച്ചിട്ടുള്ളതെന്ന് പൊലീസ‌് അന്വേഷിക്കും.

നാമജപവുമായി തെരുവിലിറങ്ങുന്നവർ യഥാർത്ഥ വസ‌്തുതകൾ മനസിലാക്കണമെന്ന് എളമക്കരയിൽ ഒരു ചടങ്ങിൽ കടകംപള്ളി പറഞ്ഞു. 2006 ൽ ആർ.എസ്‌.എസിന്റെ വനിതാസംഘടനയായ രാഷ്ട്രസേവിക സമിതിയിലെ അഞ്ച് സ്ത്രീകളാണ് കോടതിയിലെത്തിയത‌്. 10നും 50നുമിടയിലുള്ള സ‌്ത്രീകൾ അമ്പലത്തിൽ കയറുന്നത‌് സംസ്ഥാന സർക്കാർ തടയുന്നുവെന്നാണ് അവർ സുപ്രീംകോടതിയെ അറിയിച്ചത‌്. 12 വർഷം കേസ‌് നടത്തി അനുകൂലവിധി ഭരണഘടനാ ബെഞ്ചിൽനിന്ന‌് സമ്പാദിച്ചു. ഇവിടെ ഭരണഘടനയ‌്ക്ക‌് താഴെമാത്രമാണ‌് വിശ്വാസവും മതവും രാഷ‌്ട്രീയവും. എതിർപ്പുള്ളവർക്ക് പുനഃപരിശോധനാ ഹർജി നൽകാം. കിട്ടിയ കച്ചിത്തുരുമ്പിൽ പിടിച്ചുതൂങ്ങി സർക്കാരിനെ പൂട്ടിച്ചേക്കാമെന്നാണ‌് മോഹമെങ്കിൽ അത‌് നടക്കില്ല. വിശ്വാസികളുടെ വിശ്വാസത്തെ സർക്കാർ മാനിക്കുന്നു. അവരുടെ ആശങ്കയും വിഷമവും മനസിലാക്കുന്നു. എന്നാൽ വിശ്വാസമെന്നും ആചാരമെന്നും കരുതിയ പല അനാചാരങ്ങളെയും മാറ്റിമറിച്ചാണ‌് കേരളം ഉണ്ടായതെന്ന‌് ഓർക്കണമെന്നും കടകംപള്ളി പറഞ്ഞു.

 രക്തം വീഴ്‌ത്തുമെന്ന് പറഞ്ഞില്ല:രാഹുൽ ഈശ്വർ

രക്തം ഇറ്റിച്ച് ശബരിമല നട അടയ്ക്കാൻ പദ്ധതിയിട്ടെന്നു പറഞ്ഞിട്ടില്ലെന്ന് അയ്യപ്പ ധർമ്മ സേന പ്രസിഡന്റ് രാഹുൽ ഈശ്വർ ഫേസ്ബുക്ക് ലൈവ് വീഡിയോയിൽ പറഞ്ഞു. ഇരുപത് പേർ ഇതിനു തയാറായി നിൽക്കുന്നുവെന്നു താൻ അറിഞ്ഞിരുന്നു. അവരോട് അങ്ങനെ ചെയ്യരുതെന്നാണ് പറഞ്ഞത്. തന്റെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്യുന്നു.തന്നെ കള്ളക്കേസിൽ കുടുക്കി വീണ്ടും അറസ്റ്റ് ചെയ്യാനാണു നീക്കമെന്നും രാഹുൽ ആരോപിച്ചു.