കൊച്ചി: ശബരിമലയിൽ യുവതികൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കാൻ എല്ലാ സിവിൽ - ജുഡിഷ്യൽ അധികൃതർക്കും ബാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിയോജിപ്പുള്ളവർക്ക് സുപ്രീംകോടതിയെ തന്നെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി. അടിസ്ഥാനസൗകര്യം ഒരുക്കാതെ സ്ത്രീപ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തൃശൂരിലെ പൊതുപ്രവർത്തകനായ പി.ഡി. ജോസഫ് നൽകിയ പൊതുതാത്പര്യ ഹർജി തള്ളിയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.
പൊലീസിനെ ഉപയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ സ്ത്രീകളെ ശബരിമലയിൽ കയറ്റാൻ ശ്രമിച്ചത് സംഘർഷങ്ങൾക്ക് കാരണമായെന്ന് ചൂണ്ടിക്കാട്ടിയ ഹർജിക്കാരൻ, സുപ്രീംകോടതി വിധി പൊലീസിനെ ഉപയോഗിച്ച് ധൃതിയിൽ നടപ്പാക്കരുതെന്നും വാദിച്ചു. എന്നാൽ ശബരിമലയിൽ അടിസ്ഥാന സൗകര്യമില്ലാത്തത് സ്ത്രീകളെ മാത്രമല്ല എല്ലാ തീർത്ഥാടകരെയും ബാധിക്കുമെന്നും സ്ത്രീകളെക്കുറിച്ച് മാത്രം പറയുന്നതെന്തിനാണെന്നും കോടതി ചോദിച്ചു. ഭക്തരല്ലാത്ത, മറ്റു മതങ്ങളിലുള്ള സ്ത്രീകൾ മല ചവിട്ടാനെത്തിയെന്നും സ്ത്രീകളെ പൊലീസ് ബലം പ്രയോഗിച്ച് സന്നിധാനത്തേക്ക് കടത്താൻ ശ്രമിച്ചെന്നും മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വാദിച്ചെങ്കിലും സ്ത്രീകൾക്ക് സംരക്ഷണം നൽകുകയാണ് പൊലീസ് ചെയ്തതെന്ന് കോടതി വിലയിരുത്തി. ഭരണഘടനയുടെ 141 -ാം അനുച്ഛേദപ്രകാരം സുപ്രീംകോടതി വിധി രാജ്യത്തെ എല്ലാ കോടതികൾക്കും ബാധകമാണെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്.