കളമശേരി:പാലക്കാട് - എറണാകുളം മെമു ട്രെയിൻ കളമശേരിയിൽ പാളം തെറ്റി. വേഗം കുറവായിരുന്നതിനാൽ അപകടം ഒഴിവായി.
ഇന്നലെ രാവിലെ 11.40ന് 66611 നമ്പർ ട്രെയിനിന്റെ എൻജിൻ ഉൾപ്പെടുന്ന ബോഗി പാളത്തിൽനിന്ന് തെന്നിമാറുകയായിരുന്നു. സിഗ്നലിൽ പിടിച്ചിട്ടശേഷം വണ്ടി സ്റ്റേഷനിലേക്കു നീങ്ങുമ്പോൾ പ്ലാറ്റ്‌ഫോമിന് 100 മീറ്റർ മുമ്പായിരുന്നു അപകടം. ഒരു ജോടി മുൻ ചക്രങ്ങളാണ് പാളത്തിൽ നിന്ന് വേർപെട്ടത്. തുടർന്ന് വലിയ കുലുക്കത്തോടെ നിരങ്ങിനീങ്ങി വണ്ടി നിൽക്കുകയായിരുന്നു. നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ട്രെയിൻ വരുമ്പോൾ ട്രാക്ക് മാറ്റുന്ന സംവിധാനത്തിനുണ്ടായ പിഴവാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. മൂന്നു മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. എറണാകുളത്തുനിന്നു പ്രത്യേക ട്രെയിനിലെത്തിയ അപകട നിവാരണ സംഘം ഹൈഡ്രോളിക് ജാക്കി സംവിധാനമുപയോഗിച്ച് തെറ്റിയ ചക്രങ്ങൾ പാളത്തിലേക്ക് പുനഃസ്ഥാപിച്ചു.
ട്രെയിൻ പാളം തെറ്റിയ സ്ഥലത്ത് പാളം നിയന്ത്രിക്കുന്ന പോയിന്റ് മെഷീൻ സംവിധാനത്തിൽ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു. വണ്ടി അപകടത്തിൽ പെട്ടതോടെ തൊഴിലാളികൾ ഓടിമാറി.
യാത്രക്കാർ നോർത്ത് കളമശേരിയിൽ നിന്ന് ബസിലും മെട്രോയിലുമായി യാത്ര തുടർന്നു. മംഗള, ശബരി, പരശുറാം, ഗുരുവായൂർ പാസഞ്ചർ, കുർള എക്സ്‌പ്രസ് എന്നീ ട്രെയിനുകൾ വൈകി. എറണാകുളം ജംഗ്ഷൻ - പാലക്കാട് 66612-ാം നമ്പർ മെമു റദ്ദാക്കി.