ആലുവ: ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച് വഴിയിൽ തള്ളിയ രണ്ടംഗ സംഘം ടാക്‌സി കാറുമായി കടന്നു. റോഡിൽ അബോധാവസ്ഥയിൽ കിടന്ന ഡ്രൈവറെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു.
ആലുവ ടൂറിസ്റ്റ് ടാക്‌സി സ്റ്റാന്റിലെ ഡ്രൈവർ കീഴ്മാട് മാടപ്പിള്ളിത്താഴം പാറപ്പുറത്ത് വീട്ടിൽ ശിവശങ്കരൻ നായരെ (ബാബു - 63) മർദ്ദിച്ചാണ് കെ.എൽ 41 ഇ 6871 ഇൻഡിക്ക വിസ്ത കാർ തട്ടിയെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആലുവ സ്റ്റാന്റിൽ നിന്നും കാലടി അയമ്പുഴയിലേക്ക് ഓട്ടം പോകാനെന്ന വ്യാജേന രണ്ട് അപരിചിതരായ യുവാക്കൾ ബാബുവിനെ സമീപിക്കുകയായിരുന്നു. അയമ്പുഴയിൽ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് കാർ നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും ചേർന്ന് ബാബുവിനെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ക്രൂരമായി മർദ്ദിച്ചു. ബാബുവിന്റെ തലയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. റോഡിൽ വലിച്ചിഴച്ചതായും കരുതുന്നു. അബോധാവസ്ഥയിലാകും മുമ്പ് അതുവഴി പോയ കാൽനട യാത്രക്കാർ ബാബുവിനെ സമീപത്തെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചു. തുടർന്ന് അവിടത്തെ ഡോക്ടറുടെ നേതൃത്വത്തിൽ അങ്കമാലി ഗവ. ആശുപത്രിയിലേക്ക് മാറ്റി. അങ്കമാലി, ആലുവ പൊലീസിൽ വിവരം അറിയിച്ചിട്ടുണ്ട്. 40 വർഷത്തിേലേറെയായി ആലുവയിൽ ടാക്‌സി ഡ്രൈവറാണ് ബാബു. എടത്തല മണലിമുക്ക് സ്വദേശി അസൈനാരുടെതാണ് കാർ.