കൊച്ചി : തിരുവിതാംകൂർ, കൊച്ചി ദേവസ്വം കമ്മിഷണർമാർ ഹിന്ദുമതത്തിൽ പെട്ടവരായിരിക്കും എന്ന സർക്കാരിന്റെ വിശദീകരണം രേഖപ്പെടുത്തിയ ഹൈക്കോടതി തിരുവിതാംകൂർ - കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തിലെ ഭേദഗതിക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയടക്കമുള്ളവർ നൽകിയ ഹർജി തീർപ്പാക്കി.
ദേവസ്വം കമ്മിഷണർമാരായി അഹിന്ദുക്കളെ നിയമിക്കാനാണ് സർക്കാർ ഭേദഗതി നടപ്പാക്കിയതെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. നിയമത്തിലെ 29 (1) വകുപ്പനുസരിച്ച് ദേവസ്വം വകുപ്പിലെ ജീവനക്കാർ ഹിന്ദുക്കളായിരിക്കണം. ആ നിലയ്ക്ക് കമ്മിഷണർമാരും ഹിന്ദുക്കളായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇത് സംബന്ധിച്ച് സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്:
തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളിൽ കമ്മിഷണർമാരായി അഹിന്ദുക്കളെ നിയമിക്കാനും ക്ഷേത്രങ്ങളുടെ ഭരണം അഹിന്ദുക്കളുടെ കൈകളിലെത്തിക്കാനുമാണ് തിരുവിതാംകൂർ - കൊച്ചി ഹിന്ദു മത സ്ഥാപന നിയമത്തിൽ ഭേദഗതി കൊണ്ടുവന്നതെന്ന വാദം തെറ്റാണ്. നിയമത്തിലെ 29-ാം വകുപ്പനുസരിച്ച് ദേവസ്വം വകുപ്പിൽ ഹിന്ദുക്കളായ ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാനാവൂ. ഇൗ വകുപ്പ് ഭേദഗതി ചെയ്തിട്ടില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ യോഗ്യരായ ഡെപ്യൂട്ടി കമ്മിഷണർമാരിൽ ഒരാളെ കമ്മിഷണറായി നിയമിക്കുകയോ അഡിഷണൽ സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനിൽ ഈ പദവിയിലേക്ക് നിയമിക്കുകയോ ചെയ്യുന്നതിനാണ് ഒരു ഭേദഗതി. കൊച്ചിൻ ദേവസ്വം ബോർഡിൽ ജോയിന്റ് സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ കമ്മിഷണറായി ഡെപ്യൂട്ടേഷനിൽ നിയമിക്കാനും ഭേദഗതി കൊണ്ടുവന്നു. ഇവയൊന്നും അഹിന്ദുക്കളെ ദേവസ്വം കമ്മിഷണറാക്കാനല്ല. കമ്മിഷണർ നിയമനത്തിന്റെ രീതി മാറ്റാനാണ്. നേരിട്ട് തിരഞ്ഞെടുക്കുന്ന മുൻരീതിക്കു പകരം ഇപ്പോൾ പ്രൊമോഷനിലൂടെയോ ഡെപ്യൂട്ടേഷനിലൂടെയോ നിയമനം നടത്താം.