നെടുമ്പാശേരി: പുതുതായി എട്ട് നഗരങ്ങളിലേക്ക് സർവീസുമായി കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ശീതകാല സമയപ്പട്ടിക നാളെ നിലവിൽ വരും. മാർച്ച് 30 വരെ നീളുന്ന പട്ടികയിൽ ഗോവ, ഭുവനേശ്വർ, നാഗ്‌പൂർ, ലക്‌നൗ, ഗുവഹാത്തി, ജയ്‌പൂർ,കൊൽക്കത്ത എന്നിവയാണ് പുതുതായി ഇടംനേടിയത്. കൊൽക്കത്തയിലേക്കും ജയ്‌പൂരിലേക്കും നിലവിൽ കണക്‌ഷൻ ഫ്ളൈറ്റുകളാണുള്ളത്.
ശീതകാലത്തിലേക്ക് എത്തുമ്പോൾ വേനൽക്കാലത്തെ 1,360ൽ നിന്ന് 1,734ലേക്ക് സർവീസുകൾ ഉയരും. 124 വീതം ലാൻഡിംഗും ടേക്ക് ഓഫുമുണ്ടാകും. ഗോവയിലേക്ക് ഇൻഡിഗോയും ഗോ എയറുമാണ് സർവീസിന് തുടക്കമിടുന്നത്. ശീതകാല പട്ടിക പൂർണമായി പ്രാബല്യത്തിലാകുമ്പോൾ കൊച്ചിയിൽ നിന്ന് നേരിട്ട് സർവീസുള്ള ഇന്ത്യൻ നഗരങ്ങളുടെ എണ്ണം 21 ആകും. പ്രതിദിനം 15 സർവീസുകളുമായി ബംഗളൂരുവാണ് മുന്നിൽ. രാജ്യാന്തര ഷെഡ്യൂളിൽ ഇൻഡിഗോ കുവൈറ്റിലേക്കും മാലിയിലേക്കും അധിക സർവീസ് തുടങ്ങും. കൊച്ചിയിൽ നിന്ന്
16 വിദേശ നഗരങ്ങളിലേക്കാണ് നേരിട്ട് സർവീസുകളുള്ളത്. എയർ ഏഷ്യ കൊച്ചിയിൽ നിന്ന് കോലാലമ്പൂരിലേക്ക് മൂന്നു പുതിയ പ്രതിവാര സർവീസുകൾക്ക് ജനുവരിയിൽ തുടക്കമിടും.