പറവൂർ : കോൺഗ്രസ് ദേശീയ പ്രസിഡന്റ് രാഹുൽഗാന്ധി വാഗ്ദാനം ചെയ്ത വീടിന് തറക്കല്ലിട്ടു. തേലത്തുരുത്ത് നികത്തുംതറ സജീവനാണ് വീട് നിർമ്മിച്ചുനൽകുന്നത്. പ്രളയദുരിതബാധിതരെ സന്ദർശിക്കാനെത്തിയപ്പോൾ പറവൂർ നിയോജക മണ്ഡലത്തിലെ തേലത്തുരുത്ത് കേരള ഓഡിറ്റോറിയത്തിലെ ക്യാമ്പ് രാഹുൽ സന്ദർശിച്ചിരുന്നു. ഇതിനു തൊട്ടുസമീപമാണ് സജീവന്റെ വീട്. ജീർണിച്ചു അപകടനിലയിലായിരുന്ന വീട് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇവിടെ എത്തി. പഠനത്തിൽ മിടുക്കരായ സജീവന്റെ മക്കൾക്ക് ലഭിച്ച ട്രോഫികളും മറ്റും അദ്ദേഹം കണ്ടു. കൂടെയുണ്ടായിരുന്ന വി.ഡി. സതീശൻ എം.എൽ.എയോട് കുടുംബവിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. സജീവന് വീട് നിർമ്മിച്ചു നൽകുമെന്ന് രാഹുൽഗാന്ധി പ്രഖ്യാപിക്കുയും നിർമാണച്ചുമതല എം.എൽ.എയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.
അഞ്ചു ലക്ഷം രൂപ ചെലവിൽ രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും ശൗചാലയവുമടങ്ങുന്ന വീടാണ് നിർമ്മിക്കുന്നത്. രണ്ട് മാസത്തിനകം പണിപൂർത്തിയാക്കി താക്കോൽ കൈമാറുമെന്ന് തറക്കല്ലിടലിനുശേഷം വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. ജയൻ,പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ ബിന്ദു സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. ലാജു, ഫ്രാൻസിസ് തറയിൽ തുടങ്ങിയവർ സംബന്ധിച്ചു.