flood
കടുങ്ങല്ലൂർ പഞ്ചായത്ത് പത്താം വാർഡിൽ പ്രളയദുരിതാശ്വാസ പ്രവർത്തകർക്ക് ഐ.ജി പി. വിജയനും സിനിമാതാരം അജയകുമാറും ചേർന്ന് ഉപഹാരം സമർപ്പിക്കുന്നു

ആലുവ: പ്രളയം മനുഷ്യബന്ധങ്ങളുടെ മൂല്യം എല്ലാവരെയും ബോദ്ധ്യപ്പെടുത്തിയതായി ഐ.ജി പി. വിജയൻ പറഞ്ഞു. കടുങ്ങല്ലൂർ പഞ്ചായത്ത് പത്താം വാർഡിലെ പ്രളയബാധിതതരുടെ കുടുംബ സംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹം പൊതുവെ മോശക്കാരെന്ന് പറഞ്ഞ് അവഗണിച്ചിരുന്നവരാണ് ദൈവദൂതന്മാരെ പോലെ രക്ഷകരായെത്തിയത്.

ദുരന്തമുഖത്ത് വിദേശത്തുള്ള ബന്ധുവല്ല അയൽവാസിയായ സാധാരണക്കാരനാണ് തുണയാകുന്നതെന്നും പ്രളയം നമ്മെ ബോദ്ധ്യപ്പെടുത്തി. കുട്ടിക്കാലം മുതൽ ആത്മവിശ്വാസത്തോടെ പ്രവർത്തിച്ച് മുന്നേറണം. ഓരോരുത്തരും ജീവിതം സ്വയം ഉയർത്താൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിനിമാതാരം അജയകുമാർ (ഗിന്നസ് പക്രു) സംഗമം ഉദ്ഘാടനം ചെയ്തു. ഫ്‌ളഡ് റിലീഫ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് കെ. മക്കാർ അദ്ധ്യക്ഷത വഹിച്ചു.

ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഗീതാ സലിംകുമാർ, പഞ്ചായത്ത് ബ്ലോക്ക് മെമ്പർ കീർത്തി ദിവാകരൻ, കെ.എസ്. ഹരിദാസ്, എ.ജി. സോമാത്മജൻ,
എ.എച്ച്. ഇക്ബാൽ, കെ.എം. മുഹമ്മദ് അൻവർ, പി.ടി. മോഹൻദാസ് എന്നിവർ സംസാരിച്ചു.

പ്രളയ രക്ഷാപ്രവർത്തകരായ മുപ്പതോളം നാട്ടുകാരെ ഐ.ജി പി. വിജയൻ ഉപഹാരം നൽകി ആദരിച്ചു. 550 കുടുംബങ്ങൾക്ക് ഗൃഹോപകരണങ്ങൾ നൽകുന്ന ചടങ്ങ് മുഹമ്മദ് കെ. മക്കാർ, മുഹമ്മദ് അൻവർ എന്നിവർ നിർവഹിച്ചു. എം.ടെക്കിന് ഒന്നാം റാങ്ക് നേടിയ സുനു ഫാത്തിമയെ ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ ആദരിച്ചു.