sabarimala-women-entry

കൊച്ചി:ശബരിമലയിലെ അക്രമങ്ങളിൽ പങ്കാളിത്തമുള്ളവരെ മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്നും ഗാലറിക്കു വേണ്ടി പൊലീസ് കളിക്കരുതെന്നും ഹൈക്കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.കുറ്റം ചെയ്തവരെ പിടികൂടണം. അതിൽ സർക്കാർ തെറ്റായ നടപടിയെടുത്താൽ വലിയ വിലകൊടുക്കേണ്ടി വരുമെന്നും ഡിവിഷൻബെഞ്ച് മുന്നറിയിപ്പ് നൽകി.ശബരിമലയിലെ യുവതീ പ്രവേശനത്തോട് പ്രതിഷേധിച്ച് നിലയ്ക്കലിൽ നാമജപ യജ്ഞത്തിൽ പങ്കെടുത്ത ഭക്തരുൾപ്പെടെയുള്ളവരെ പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും ജാമ്യമില്ലാവകുപ്പു ചുമത്തി അകത്താക്കുകയാണെന്നും ആരോപിച്ച് ശബരിമല ആചാര സംരക്ഷണ സമിതി ചെയർമാൻ അനോജ്കുമാർ, പമ്പ സ്വദേശി സുരേഷ്‌കുമാർ എന്നിവർ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

ഒക്ടോബർ ഏഴുമുതൽ 18 വരെ നിലയ്ക്കലിൽ നാമജപയജ്ഞവും സമാധാനപരമായ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ ഇതവസാനിപ്പിച്ചു. നാമജപയജ്ഞത്തിന്റെ പേരിൽ നടപടികൾ പാലിക്കാതെ പൊലീസ് ആളുകളെ കസ്റ്റഡിയിലെടുക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു. ഭക്തരുടെയും കാഴ്ചക്കാരുടെയും പൊലീസുകാരുടെയും വരെ ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ച് ഇവരെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത ശേഷമാണ് കേസെടുക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ, ശബരിമലയിൽ സംഘർഷ സമയത്ത് ഭക്തരല്ലാതെ മറ്റുള്ളവർ എത്തിയോയെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും ഹൈക്കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. എന്നാൽ കുറ്റവാളികളെ കണ്ടെത്താൻ ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുകയാണെന്നും പുതിയകാലത്ത് അക്രമികൾക്ക് രക്ഷപ്പെടാനാവില്ലെന്നും സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി വിശദീകരിച്ചു. തുടർന്ന് സർക്കാരിന്റെ വിശദീകരണം തേടിയ ഡിവിഷൻബെഞ്ച് ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.

മതിയായ തെളിവോ കാരണമോ ഇല്ലാതെ ഭക്തരെ അറസ്റ്റ് ചെയ്യരുത്, സുപ്രീംകോടതി നിഷ്കർഷിച്ചിട്ടുള്ള നടപടിക്രമങ്ങൾ പാലിച്ച് അറസ്റ്റ് ചെയ്യാൻ നിർദ്ദേശിക്കണം, നാമജപയജ്ഞങ്ങൾ തടയരുത് തുടങ്ങിയ ആവശ്യങ്ങളും ഹർജിയിലുണ്ട്.