കൊച്ചി: ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ കൈ ഞരമ്പ് മുറിച്ച് രക്തം ചിന്തി നടയടച്ചിടാൻ പദ്ധതിയിട്ടതായി വെളിപ്പെടുത്തിയ അയ്യപ്പധർമ്മ സേന പ്രസിഡന്റ് രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. കൊച്ചി സ്വദേശി പ്രമോദാണ് പരാതിക്കാരൻ. രാഹുൽ കലാപമുണ്ടാക്കാൻ ശ്രമിച്ചതിന്റെ ഒരു ഭാഗം മാത്രമാണ് വെളിപ്പെടുത്തലിലൂടെ പുറത്തുവന്നതെന്ന് പരാതിയിൽ പറയുന്നു.
നോട്ടീസ് നൽകി രാഹുലിനെ അടുത്ത ദിവസം വിളിച്ചു വരുത്തും. വന്നില്ലെങ്കിൽ കണ്ടെത്തി അറസ്‌റ്റു ചെയ്യാനാണ് തീരുമാനം. സെൻട്രൽ സി.ഐ അനന്തലാലിനാണ് അന്വേഷണച്ചുമതല. ഇന്നലെ രാവിലെ പരാതി ലഭിച്ചതോടെ കൊച്ചിയിലുണ്ടായിരുന്ന ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുമായി ചർച്ച ചെയ്‌താണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
എറണാകുളം പ്രസ് ക്‌ളബിൽ നടത്തിയ പത്രസമ്മേളനത്തിലാണ് രാഹുൽ വിവാദ വെളിപ്പെടുത്തൽ നടത്തിയത്. തൊട്ടു പിന്നാലെ എറണാകുളത്ത് എത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, രാജ്യദ്രോഹമാണ് രാഹുൽ നടത്തിയതെന്ന് പൊതുവേദിയിൽ പ്രസംഗിച്ചിരുന്നു. പരാമർശം വിവാദമായതോടെ രക്തം ചിന്താൻ തയ്യാറായി ആൾക്കാരുണ്ടായിരുന്നെന്നാണ് പറഞ്ഞതെന്ന് രാഹുൽ തിരുത്തി.
കുറ്റവും ശിക്ഷയും
(ഇന്ത്യൻ ശിക്ഷാനിയമം)
117
പൊതുജനങ്ങളെ കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചു. മൂന്നു വർഷം വരെ തടവും പിഴയും
153
മതസ്‌പർദ്ധ വളർത്തൽ. അഞ്ചു വർഷം വരെ തടവും പിഴയും
118
കുറ്റം അറിഞ്ഞിട്ടും മറച്ചുവയ്‌ക്കൽ. ഏഴു വർഷത്തിൽ കുറയാത്ത തടവും പിഴയും