കുറുപ്പുംപടി: പെരിയാർ വാലി കനാലിൽ മാലിന്യം നിറയുമ്പോൾ കുറുപ്പുംപടിയിലെയും സമീപ പ്രദേശങ്ങളിലെയും നാട്ടുകാർക്ക് ഉള്ളിൽ പേടിയാണ്. ഡെങ്കിപ്പനി ഉൾപ്പടെ റിപ്പോർട്ട് ചെയ്തിട്ടുള്ള ഈ പ്രദേശത്തെ വെള്ളം മലിനമാകുന്നത് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന് ഇവർ ഭയക്കുന്നു.
കുറുപ്പുംപടിയിലെയും സമീപ പ്രദേശങ്ങളിലെ പഞ്ചായത്തുകളിലൂടെയും കടന്നുപോകുന്ന പെരിയാർ വാലി കനാലിലും ചക്കുംചിറ ലിഫ്റ്റ് ഇറിഗേഷൻ പരിസരങ്ങളിലുമാണ് മാലിന്യ നിക്ഷേപം.
വർഷങ്ങളായി ഇരുകനാലുകളുടെയും വശങ്ങൾ കാടുപിടിച്ച് കിടക്കുകയാണ്. അതിനാൽ റോഡിലൂടെ പോകുന്ന വാഹനങ്ങളിൽ നിന്നും മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവാണ്. സമീപ പ്രദേശ ങ്ങളിലെ വീടുകളിൽ നിന്നുമുള്ള മാലിന്യങ്ങൾ രാത്രി കാലങ്ങളിൽ കനാൽ ബണ്ടുകളിലും പരിസര പ്രദേശങ്ങളിലുംനിക്ഷേപിക്കുന്നതായി നാട്ടുകാർ പറയുന്നു. അറവ്, കോഴി മാലിന്യങ്ങൾ, മറ്റു മാലിന്യങ്ങൾ നായ്ക്കൾ കനാൽ ബണ്ട് റോഡിലേക്ക് വലിച്ചിടുന്ന അവസ്ഥയുമുണ്ട്. അതുമൂലം വഴി നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.
ഇതുമൂലം തെരുവുനായ്ക്കളുടെ ശല്യം വർദ്ധിക്കുകയും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടനുഭവപ്പെടുന്നു.
സമീപവാസികളുടെ ആരോഗ്യത്തെ കനാലിന്റെ മലിനാവസ്ഥ പ്രതികൂലമായി ബാാധിക്കുന്നു. കനാലിലും ലിഫ്റ്റ് ഇറിഗേഷനുകളിലും ഒഴുകി പോകുന്ന വെള്ളത്തിൽ മാലിന്യം ഒഴുകി കെട്ടിക്കിടക്കുന്നതും മാലിന്യങ്ങൾ നിറഞ്ഞ് കനാൽ ജലത്തിന്റെ ഒഴുക്ക് തടസപ്പെടുന്നതും സ്ഥിരമായ കാഴ്ച്ചയാണെന്ന് നാട്ടുകാർ പറയുന്നു.
കൃഷി ആവശ്യത്തിനും കുടിവെള്ളമായും ഈ വെള്ളം ആളുകൾ ആശ്രയിക്കുന്നുണ്ട്. ഇതു മൂലം പകർച്ചവ്യാധികൾ പടർന്ന് പിടിക്കാൻ ഏറെ സാധ്യതയുണ്ടെന്നതും ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്നു. സമീപ പ്രദേശങ്ങളിൽ കഴിഞ്ഞ മഴക്കാലത്ത് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു, ജനങ്ങളിലിത് കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നു.
നടപടി ഉണ്ടാകണം
മാലിന്യം നീക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർ കടുത്ത അതൃപ്തിയിലാണ്.
മാലിന്യം വലിച്ചെറിയുന്നത് തടയാൻ പഞ്ചായത്ത്, പെരിയാർവാലി അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.