കൊച്ചി : നാമജപ ഘോഷയാത്രകളിൽ പങ്കെടുക്കുന്ന വീട്ടമ്മമാരടക്കമുള്ള ആയിരങ്ങളെ അറസ്റ്റ് ചെയ്യാനുള്ള സർക്കാർ തീരുമാനം ഫാസിസമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റാലിനാകാൻ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എറണാകുളത്ത് പറഞ്ഞു. കേരളത്തിലെ പൊലീസിന്റെ ചരിത്രത്തിൽ ഇതുവരെ സമാധാനപരമായി നടത്തുന്ന പ്രകടനങ്ങൾക്കെതിരെ അറസ്റ്റോ മറ്റു നടപടികളോ ഉണ്ടായിട്ടില്ല. സമരം ചെയ്യുന്നവരുടെ പൗരാവകാശം കവർന്നെടുക്കാനും ജനാധിപത്യാവകാശങ്ങൾ അടിച്ചമർത്താനുമുള്ള നീക്കമാണിത്. മുഖ്യമന്ത്രി അതിന് വലിയ വില കൊടുക്കേണ്ടി വരും. സ്റ്റാലിൻ യുഗത്തിലേക്ക് കേരളത്തെ കൊണ്ടെത്തിക്കാനുള്ള നീക്കം അംഗീകരിക്കില്ല. നാമജപ ഘോഷയാത്ര നടത്തുന്നതിൽ എന്ത് നിയമലംഘനമാണുള്ളത് ?. ഇവരെയെല്ലാം അറസ്റ്റ് ചെയ്യുമെന്ന് പറയുന്നത് കിരാത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.