കൊച്ചി:കൊച്ചിൻ ദേവസ്വം ബോർഡിൽ പുതിയ ശാന്തി നിയമന ലിസ്റ്റിൽ ചരിത്രത്തിലാദ്യമായി ബഹുഭൂരിപക്ഷവും അബ്രാഹമണർ ഇടംപിടിച്ചു. 198 പേരുടെ മെയിൻ ലിസ്റ്റിൽ 144 പേരും പിന്നാക്കവിഭാഗക്കാരാണ്. ഇതിൽ 98 പേരും ഈഴവരാണ്. 56 പേരാണ് ബ്രാഹ്മണരുൾപ്പടെ മുന്നാക്കവിഭാഗക്കാർ. എൻ.നാരായണൻ പോറ്റിയാണ് ഒന്നാം റാങ്കുകാരൻ.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിക്കുന്നത്.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. സപ്ളിമെന്ററി ലിസ്റ്റിൽ 47 പേരുണ്ട്.
അഡ്വൈസ് മെമ്മോ അയയ്‌ക്കുന്ന 70 പേരുടെ ലിസ്റ്റിന് ഇന്നലെ റിക്രൂട്ട്മെന്റ് ബോർഡ് അംഗീകാരം നൽകി. ഉടൻതന്നെ ദേവസ്വം ബോർഡിന് പട്ടിക അയച്ചുകൊടുക്കും. ഇത് ലഭിച്ച് 30 ദിവസത്തിനുള്ളിൽ ദേവസ്വം ബോർഡ് നിയമനം നടത്തണം. ഇല്ലെങ്കിൽ ഉദ്യോഗാർത്ഥികൾക്ക് റിക്രൂട്ട്മെന്റ് ബോർഡിന് പരാതി നൽകാം.
2013ൽ കൊച്ചിൻ ദേവസ്വം ബോർഡ് ശാന്തി, കഴകം തുടങ്ങിയ തസ്തികയിലേക്ക് ബ്രാഹ്മണ അമ്പലവാസി ജാതിക്കാരിൽ നിന്ന് അടിച്ചുതളി, പാത്രം തേപ്പ്, വിളക്കുതുട തുടങ്ങിയ താഴ്ന്ന ജോലികളിലേക്ക് പിന്നാക്ക വിഭാഗക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ച വിജ്ഞാപനം കേരളകൗമുദി വാർത്തയാക്കിയതിനെ തുടർന്ന് അന്ന് നിയമസഭയിൽ ചർച്ചയായി. പിന്നാലെ 2002ലെ സുപ്രീം കോടതി വിധിയെ അടിസ്ഥാനമാക്കി യു.ഡി.എഫ് സർക്കാർ ദേവസ്വം നിയമനങ്ങളിൽ ജാതിവിവേചനം അവസാനിപ്പിച്ച് ഉത്തരവിറക്കി. തുടർന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് രൂപം നൽകുകയായിരുന്നു. കേരളത്തിലെ അഞ്ച് ദേവസ്വം ബോർഡുകളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മാത്രമാണ് നേരത്തേ അബ്രാഹ്മണരെ ശാന്തിവൃത്തിയിൽ നിയമിച്ചിരുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് രണ്ടാമതൊരു ദേവസ്വത്തിലേക്ക് ഇങ്ങനെ നിയമനം നടക്കുന്നത്. പ്രമുഖ ബ്രാഹ്മണ തന്ത്രിമാരും പറവൂർ രാകേഷ് തന്ത്രിയും ഉൾപ്പെട്ട ഇന്റർവ്യൂ ബോർഡാണ് കൊച്ചിൻ ദേവസ്വം ബോർഡിലെ ശാന്തി നിയമനത്തിനായി അഭിമുഖം നടത്തിയത്.
അഡ്വൈസ് ചെയ്യുന്ന 70ൽ 54 പേരും പിന്നാക്കക്കാർ
ബ്രാഹ്മണരുൾപ്പെട്ട പൊതുവിഭാഗം (മുന്നാക്കം)16 പേർ
34 ഈഴവരിൽ 27 പേർ മെരിറ്റിലും ഏഴ് പേർ സംവരണത്തിലും
പട്ടികജാതിക്കാരായ 7 പേരും സംവരണ ലിസ്റ്റിൽ പെട്ടവർ
മറ്റ് പിന്നാക്കക്കാരായ 7ൽ രണ്ട് പേർ മെറിറ്റിൽ.
ഒരു വിശ്വകർമ്മനും നാല് ധീവരരും.