മൂവാറ്റുപുഴ: മഹാപ്രളയത്തിൽ സർവ്വവും നഷ്ടപ്പെട്ട മുടവൂർ സർക്കാർ എൽ.പി.സ്കൂളിന് മുളവൂർ എം. എസ്. എം സ്ക്കൂളിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും കൈത്താങ്ങ്. കാലവർഷത്തെ തുടർന്നുണ്ടായ മഹാ പ്രളയത്തിൽ വെള്ളം കയറിയതിനെ തുടർന്ന് പൂർണമായും വെള്ളത്തിൽ മുങ്ങിപ്പോയ മുടവൂർ സ്കൂളിന് 10 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. സ്കൂളിലെ മുഴുവൻ ഉപകരണങ്ങളും രേഖകളും വെള്ളപൊക്കത്തെ തുടർന്ന് നശിച്ചിരുന്നു. ഉദാരമതികളുടെയും, സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. മുളവൂർ എം. എസ്. എം സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരും പണം സ്വരൂപിച്ച് രണ്ട് ഫാനുകൾ സ്ക്കൂളിന് കൈമാറി. ഇതിന് പുറമെ മൂവാറ്റുപുഴ ബി.ആർ.സി.യ്ക്ക് 250ലൈബ്രറി പുസ്തകങ്ങളും കൈമാറി. മുടവൂർ സർക്കാർ സ്കൂളിനുള്ള ഫാനുകൾ എ.ഇ.ഒ. ആർ.വിജയ സ്കൂൾ ഹെഡ്മിസ്ട്രസ് ടി.എസ്.സഫിയക്ക് കൈമാറി. എം എസ് എം സ്കൂൾ പി.ടി.എ.പ്രസിഡന്റ് ഷംസുദ്ധീൻ മൗലവി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഇ.എം.സൽമത്ത് മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാപകരായ എം.എ.ഫാറൂഖ്, മുഹമ്മദ് കുട്ടി, സർജ, മുടവൂർ സ്ക്കൂൾ അദ്ധ്യാപകരായ റ്റി.പി.രാധാമണി, അൻസൽന നാസർ, നജീബ, എൻ.വി.ദിവ്യ, പി.കെ. സിനി എന്നിവർ സംബന്ധിച്ചു.