കൊച്ചി: ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ കൈഞരമ്പ് മുറിച്ച് രക്തം ചിന്തി നടയടച്ചിടാൻ പദ്ധതിയിട്ടതായി വെളിപ്പെടുത്തിയ അയ്യപ്പധർമ്മ സേന പ്രസിഡന്റ് രാഹുൽ ഈശ്വറിനെ (35) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റു ചെയ്‌തു. തിരുവനന്തപുരം നന്ദാവനത്തെ ഫ്ളാറ്റിൽ നിന്ന് ഇന്നലെ രാവിലെ 11നായിരുന്നു അറസ്റ്റ്. മതസ്പർദ്ധ വളർത്തിയെന്ന കേസിൽ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് അറസ്റ്റ് ചെയ്തത്. എന്നാൽ രാഹുലിനെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടും മജിസ്ട്രേട്ട് ജാമ്യം നൽകി. ഇന്നലെ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ടിന്റെ ചുമതലയുണ്ടായിരുന്ന ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് (സാമ്പത്തിക കുറ്റം) രമ്യയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൻ ഉടൻ എത്തണം എന്നീ ഉപാധികളോടെയാണ് ജാമ്യം. യുവതികൾ ശബരിമലയിൽ എത്തിയാൽ രക്തം ചീന്തി നടയടച്ചിടാൻ 20 ലധികം പേർ സന്നദ്ധരായിരുന്നുവെന്ന് 24ന് എറണാകുളം പ്രസ് ക്ളബിൽ നടത്തിയ പത്രസമ്മേളനത്തിൽ രാഹുൽ വെളിപ്പെടുത്തിയിരുന്നു. ഈ 20 പേരെ കണ്ടെത്താനായി രാഹുലിനെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസ് ആവശ്യം.
തുലാമാസ പൂജയ്‌ക്ക് ശബരിമലയിൽ നട തുറന്നപ്പോൾ പ്രതിഷേധത്തിനിടെ രാഹുൽ അറസ്‌റ്റിലായിരുന്നു. ഒമ്പതു ദിവസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്. അന്ന് ട്രാക്‌ടറിൽ പൊലീസ് പമ്പയിലെത്തിക്കുന്നതിനിടെ നടുവിന് പരിക്കേറ്റെന്ന് രാഹുൽ പറയുന്നു. ഇന്നലെ പൊലീസ് ജീപ്പിൽ നിന്ന് സ്റ്റേഷനിലേക്ക് ഇറക്കുമ്പോൾ ക്രച്ചസിന്റെ സഹായത്തോടെയാണ് നടന്നത്. സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും മാദ്ധ്യമങ്ങളോട് വിളിച്ചു പറഞ്ഞു.
അസി. കമ്മിഷണർ കെ. ലാൽജി, സി.ഐ അനന്തലാൽ, എസ്.ഐ ജോസഫ് സാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഹുലിനെ അറസ്റ്റ് ചെയ്‌തത്.