കൊച്ചി: 350 രൂപ ബാങ്ക് അക്കൗണ്ടിൽ വീണെന്ന നോട്ടിഫിക്കേഷന് പിന്നാലെ സുഹൃത്തിന്റെ വാട്സ് ആപ്പ് സന്ദേശം കൂടി കണ്ടതോടെ അഖിൽ പി. ധർമ്മജന്റെ നെഞ്ചിലൊരു കാളൽ അനുഭവപ്പെട്ടു. അഖിലിന്റെ ഏറ്റവും പുതിയ നോവലായ മെർക്കുറി ഐലന്റിന്റെ സൗജന്യ പി.ഡി.എഫ് കോപ്പി കിട്ടിയ കൂട്ടുകാരൻ മനഃസാക്ഷി കുത്ത് തോന്നി അയച്ച പണമായിരുന്നു അത്. ഒപ്പം നോവലിന്റെ പി.ഡി.എഫ് കോപ്പിയും അയച്ചുനൽകി. ഇരുണ്ട മുറിയിൽ ഉണ്ണാതെ ഉറങ്ങാതെ മണിക്കൂറുകളോളം പുസ്തകത്തിന്റെ കോപ്പിയും നെഞ്ചോട് ചേർത്ത് അദ്ദേഹമിരുന്നു. രണ്ടാം എഡിഷൻ വില്പനയ്ക്കൊരുങ്ങുന്ന ഒരു പുസ്തകത്തിന്റെയും എഴുത്തുകാരന്റേയും ദുരവസ്ഥയാണിത്.
ഇരുപതിനായിരത്തിലേറെ അംഗങ്ങളുള്ള ചില ടെലഗ്രാം ഗ്രൂപ്പുകളിലാണ് തന്റെ പുസ്തകങ്ങളുടെ പി.ഡി.എഫ് ഫയലുകൾ കണ്ടതെന്ന് യുവ എഴുത്തുകാരനും നോവലിസ്റ്റുമായ അഖിൽ പി. ധർമ്മജൻ ഫ്ലാഷിനോട് വെളിപ്പെടുത്തി. ഈ ഗ്രൂപ്പുകളിൽ അംഗങ്ങളായിരുന്ന കൂട്ടുകാരിൽ ചിലരാണ് 'ഓജോ ബോർഡ്'ന്റേയും 'മെർക്കുറി ഐലന്റി'ന്റേയും പകർപ്പുകൾ ഇത്തരത്തിൽ പ്രചരിക്കുന്നതായി അഖിലിനെ അറിയിച്ചത്.
തന്റെ പുസ്തകങ്ങൾ മാത്രമല്ല ഇത്തരത്തിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതെന്നും പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പി.ഡി.എഫ് കോപ്പികളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും അഖിൽ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ ദിവസം സൈബർ സെല്ലിൽ പരാതി നൽകിയെങ്കിലും ടെലഗ്രാം വഴി പുസ്തകങ്ങളുടെ പി.ഡി.എഫ് കോപ്പികൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുടെ അഡ്മിൻമാരെ തിരിച്ചറിയാനാകാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാകുന്നുണ്ട്.
വിദേശരാജ്യങ്ങളിൽ എവിടെയോ വച്ചാണ് ഈ പുസ്തകത്തിന്റെ പി.ഡി.എഫ് കോപ്പി തയ്യാറാക്കിയത്. വാട്സ് ആപ്പിനെപ്പോലെ ടെലഗ്രാമിന് ഇന്ത്യയിൽ ഓഫീസ് ഇല്ലാത്തതും ടെലഗ്രാമിൽ സീക്രട്ട് ചാറ്റിംഗ് സംവിധാനമുള്ളതും ഗ്രൂപ്പ് അംഗങ്ങളെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കാൻ സൈബർ സെല്ലിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. ടെലഗ്രാം ആപ്ലിക്കേഷനുകളെ നിയന്ത്രിക്കാൻ സർക്കാരുകൾ തയ്യാറാകണമെന്നാണ് അഖിലിന്റെ ആവശ്യം. ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും വ്യാജന്മാരാണെന്നും അഖിൽ പറയുന്നു.
കൂട്ടുകാരിൽ നിന്നും മറ്റും കടം വാങ്ങിയ പണം കൊണ്ട് പുറത്തിറക്കിയ പുസ്തകം തലച്ചുമടായും മറ്റും ആവശ്യക്കാർക്ക് എത്തിച്ചുനൽകി വിറ്റഴിക്കുകയായിരുന്നു അഖിൽ ഇതുവരെ. ഇതിനിടയിലാണ് ഇത്തരത്തിലൊരു തിരിച്ചടി. പരിചയമുള്ള രണ്ടായിരത്തിലേറെ വാട്സ് ആപ്പ് നമ്പറുകൾ എന്റെ പുസ്തകങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. അവർക്കൊക്കെ എങ്ങനെ എന്റെ ജീവനെ ഇങ്ങനെ പങ്കുവയ്ക്കാൻ തോന്നിയെന്നും അഖിൽ വേദനയോടെ ചോദിക്കുന്നു. 'ഓജോ ബോർഡ്' മൂന്ന് എഡിഷനോളം വിറ്റഴിക്കപ്പെട്ടപ്പോൾ, 'മെർക്കുറി ഐലന്റി'ന്റെ രണ്ടാം എഡിഷൻ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കഥാകാരൻ.