കാലടി: റോജി എം ജോൺ എം.എൽ.എ നടപ്പിലാക്കുന്ന അതിജീവനം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ഏഴാമത്തെ വീടിന്റെ ശിലാസ്ഥാപനം അദ്ദേഹം നിർവഹിച്ചു. മേക്കാലടി മൂക്കട ഇബ്രാഹിം അസീസിനാണ് വീട് നൽകുന്നത്. അങ്കമാലി എക്‌സ്‌പോയർ അക്കാഡമിയാ ണ് സ്‌പോൺസർ. പ്രളയത്തിൽ ഇബ്രാഹിം അസീസിന്റെ വീട് പൂർണമായും മുങ്ങിപ്പോവുകയും വാസയോഗ്യമല്ലാതാവുകയും ചെയ്തിരുന്നു. ഉപജീവനത്തിനായി ലോണെടുത്തും വായ്പകൾ വാങ്ങിയും നടത്തിവന്നിരുന്ന ഫാൻസി കടയും പ്രളയത്തിൽ മുങ്ങിപ്പോയിരുന്നു. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ട എം.എൽ.എ അങ്കമാലിയിലെ ഇറാം ഗ്രൂപ്പുമായി സഹകരിച്ചാണ് അസീസിന്റെ വീടിന്റെ നിർമ്മാണം നടത്തുന്നത്. മേക്കാലടി മുസ്ലിം ജമാഅത്ത് അസി. ഇമാം കമറുദ്ദീൻ മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മുൻ എം.എൽ.എ പി.ജെ. ജോയ്, ജില്ലാപഞ്ചായത്ത് അംഗം സാംസൺ ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം ടി.പി. ജോർജ് ,പഞ്ചായത്തംഗം സൽമ സിദ്ധിഖ് , ഇറാം ഗ്രൂപ്പ് ജനറൽ മാനേജർ സ്മിത ബിജു, അക്കാഡമി ഡി.ജി.എം ഓസ്റ്റിൻ ഇ.എം., ജമാഅത്ത് പ്രസിഡന്റ് എ.എ. അലിഹാജി, ജനറൽ സെക്രട്ടറി എം.എം അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.