save-sabarimala

കൊച്ചി : ശബരിമലയിൽ അഹിന്ദുക്കൾക്ക് പ്രവേശനം നൽകരുതെന്നാവശ്യപ്പെടുന്നത് മതസൗഹൃദം തകർക്കുമെന്നും എല്ലാ മതസ്ഥർക്കും പ്രവേശനമുള്ള ക്ഷേത്രമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വാവര് സ്വാമിയുടെ അടുത്തും ഭക്തരെത്തുന്നുണ്ട്.അഹിന്ദുക്കൾ പ്രവേശിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ടി.ജി. മോഹൻദാസ് നൽകിയ ഹർജിയാണ് പരിഗണിച്ചത്. യുവതീ പ്രവേശനം ആകാമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് സർക്കാർ അഹിന്ദുക്കളെ ഇരുമുടിക്കെട്ട് പോലുമില്ലാതെ പൊലീസ് സംരക്ഷണയിൽ ക്ഷേത്രത്തിൽ എത്തിക്കുകയാണെന്ന് ഹർജിക്കാരൻ വാദിച്ചു.

പതിനെട്ടാം പടി കയറി ദർശനം നടത്താനാണ് ഇരുമുടിക്കെട്ട് വേണ്ടത്. അല്ലാതുള്ള ദർശനത്തിന് ആവശ്യമില്ലെന്നും ഇത്തരമൊരു കീഴ്‌വഴക്കം നിലവിലുണ്ടെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും വിശദീകരണം തേടി ഹർജി രണ്ടാഴ്‌ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.

അതേസമയം, ശബരിമലയിൽ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംഭവങ്ങളിലും പൊലീസ് അതിക്രമത്തിലും ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശി രാജേന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാൻ മാറ്റി.

 നഷ്ടപരിഹാരം തേടി ഹർജി

പമ്പ ഗണപതി ക്ഷേത്രത്തിന് സമീപം നാമജപത്തിലിരുന്നപ്പോൾ പൊലീസ് അകാരണമായി ഉപദ്രവിച്ചെന്നും തനിക്കുണ്ടായ ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം ചെറായി സ്വദേശി സരോജം സുരേന്ദ്രൻ ഹൈക്കോടതിയിൽ ഹർജി നൽകി. 17ന് വൈകിട്ടാണ് പൊലീസിന്റെ അതിക്രമമുണ്ടായതെന്നും പരിക്കേറ്റിരുന്നെന്നും ഹർജിയിലുണ്ട്.